സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ പുതിയ പുതിയ വിദേശകാര്യ സെക്രട്ടറിയായി ബോറിസ് ജോണ്‍സണെ നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനം. ബ്രെക്‌സിറ്റിന്റെ മുന്‍നിര പോരാളിയായിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറീസ് ജോണ്‍സണെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നടപടിയെ വിവിധ യൂറോപ്യന്‍ നേതാക്കള്‍ അപലപിച്ചു.
ജോണ്‍സണ്‍ നുണയനാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷാന്‍ മാര്‍ക് അയ്‌വാറോ പറഞ്ഞു. ബ്രെക്‌സിറ്റ് പ്രചാരണവേളയില്‍ ബ്രിട്ടീഷുകാരോട് ഏറെ നുണപറഞ്ഞയാളാണു ജോണ്‍സണെന്ന് അദ്ദേഹം പറഞ്ഞു.നയതന്ത്രം അല്പംപോലും വശമില്ലാത്ത ജോണ്‍സണെ നയതന്ത്രം ഏറെ ആവശ്യമുള്ള വിദേശകാര്യവകുപ്പിന്റെ തലപ്പത്തു നിയമിച്ചത് ഞെട്ടലുളവാക്കുന്നുവെന്ന് ജര്‍മന്‍ മാധ്യമമായ ഡീവെല്‍റ്റ് റിപ്പോര്‍ട്ട് പറയുന്നു.
യൂറോപ്യന്‍ യൂണിയനെ ഹിറ്റ്‌ലറോട് ഉപമിച്ചയാളാണു ജോണ്‍സണ്‍. ഹില്ലരി ക്ലിന്റണെ മാനസികരോഗാശുപത്രിയിലെ നഴ്‌സിനോടും ഉപമിച്ചു. ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ലാത്തയാളാണു ജോണ്‍സണെന്നും നേതൃത്വത്തിനായുള്ള മത്സരത്തില്‍നിന്നു പിന്‍വാങ്ങിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഫ്രഞ്ച് പത്രമായ ലിബറേഷന്‍ ചൂണ്ടിക്കാട്ടി.
കാമറോണിന്റെ വിശ്വസ്തരെ പുറത്താക്കിക്കൊണ്ടാണ് തെരേസ മേ കാബിനറ്റ് രൂപീകരിച്ചത്. നിയമകാര്യ സെക്രട്ടറി മൈക്കല്‍ ഗവിനെ പുറത്താക്കി പകരം ലിസ് ട്രസിനെ നിയമിച്ചു. നിക്കി മോര്‍ഗനെ മാറ്റി ജസ്റ്റിന്‍ ഗ്രീനിംഗിനെ വിദ്യാഭ്യാസവകുപ്പു സെക്രട്ടറിയാക്കി. സാംസ്‌കാരിക സെക്രട്ടറി ജോണ്‍ വിറ്റിംഗേലിനും കസേര പോയി.
എന്നാല്‍ ആരോഗ്യവകുപ്പില്‍ ജെറമി ഹണ്ടിനെ നിലനിര്‍ത്തിയ മേയ് മുന്‍ വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമന്‍ഡിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. കാമറോണ്‍ കാബിനറ്റില്‍ തെരേസാ മേ വഹിച്ച ആഭ്യന്തര വകുപ്പു സെക്രട്ടറിയുടെ പദവിയില്‍ ആംബര്‍ റഡിനെ നിയമിച്ചു. ബ്രെക്‌സിറ്റ് സംബന്ധിച്ച വിടുതല്‍ ചര്‍ച്ചകള്‍ക്കായി യൂറോ വിരുദ്ധനായ ഡേവിഡ് ഡേവീസിനെയും അന്തര്‍ദേശീയ വാണിജ്യ സെക്രട്ടറിയായി ലിയാം ഫോക്‌സിനെയും പ്രതിരോധ സെക്രട്ടറിയായി മൈക്കല്‍ ഫാലനെയും നിയമിച്ചു.
ബ്രെക്‌സിറ്റിനു വേണ്ടി വാദിച്ച ഇന്ത്യന്‍ വംശജയായ മുന്‍തൊഴില്‍മന്ത്രി പ്രീതി പട്ടേലിനെ അന്തര്‍ദേശീയ വികസന വകുപ്പു സെക്രട്ടറിയാക്കി. ഈ വകുപ്പു നിര്‍ത്തലാക്കണമെന്ന് 2013 ല്‍ ഡെയിലി ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ പട്ടേല്‍ നിര്‍ദേശിച്ചിരുന്നതാണ്. ബ്രിട്ടന്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായം ദുരുപയോഗിക്കപ്പെടുന്നതായി അന്ന് പട്ടേല്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല