സ്വന്തം ലേഖകൻ: ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടിൽ ഉള്ള ബാലൻസ് സ്വീകരിക്കാൻ അനുവാദം നൽകുന്ന പുതിയ നിയമം നടപ്പാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നടപടികൾ കൊണ്ടുവരുന്നു.
സാധാരണ ഗതിയിൽ ബാങ്കിൽ അയക്കുന്ന ചെക്കുകൾ മടങ്ങാതിരിക്കണമെങ്കിൽ ചെക്കിൽ രേഖപ്പെടുത്തിയ മുഴുവൻ തുകയും അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ചെക്കുകൾ മടങ്ങുകയും അത് നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
ഇത്തരം കേസുകൾ ഒമാനിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സെൻട്രൽ ബാങ്ക് മുമ്പോട്ട് വരുന്നത്. പുതിയ നിയമം നടപ്പാക്കാൻ സെൻട്രൽ ബാങ്ക് വിവധ സർക്കാർ വിഭാഗങ്ങളുമായും സംയുക്തമായി സഹകരിച്ച് മുമ്പോട്ട് പോവുകയാണ്. പുതിയ സംവിധാനം അനുസരിച്ച് ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ മുഴുവൻ തുകയും ഇല്ലെങ്കിലും ബാങ്ക് സ്വീകരിക്കും.
ഇതനുസരിച്ച് ചെക്കിലെ മുഴുവൻ തുക ഇല്ലെങ്കിലും ഉള്ള സംഖ്യ സ്വീകരിക്കണമോ അതോ ചെക്ക് തള്ളണമോയെന്ന കാര്യം പണം ലഭിക്കാനുള്ള വ്യക്തിക്ക് തീരുമാനിക്കാവുന്നതാണ്. പണം കിട്ടാനുള്ള വ്യക്തിക്ക് തരാനുള്ള വ്യക്തിയുടെ അക്കൗണ്ടിലുള്ള സംഖ്യസ്വീകരിച്ച് പ്രശ്നം പരിഹരിക്കുകയോ അല്ലെങ്കിൽ പഴയത് പോലെ മുഴുവൻ പണവും തന്നില്ലെങ്കിൽ നിയമനടപടിയുമായി മുമ്പോട്ട് പോവുകയും ചെയ്യാവുന്നതാണ്.
ഇത് സംബന്ധമായ തീരുമാനം കിട്ടാനുള്ള പണത്തിന് ചെക്ക് കൈവശം ഇരിക്കുന്ന വ്യക്തിയുടെ കൈയിലാണ്. നിലവിൽ ചെക്കിൽ കാണിച്ച മുഴുവൻ പണവും അക്കൗണ്ടിൽ ഇല്ലെങ്കിൽ ചെക്ക് മടങ്ങുന്ന നിയമമാണുള്ളത്.
ചില രാജ്യങ്ങളിൽ ചെക്കിൽ കാണിച്ച പണം പൂർണമായി നൽകിയില്ലെങ്കിലും ഭാഗകമായി പണം നൽകി പ്രശ്നം പരിഹരിക്കാനുള്ള നിയമം നിലവിലുണ്ടെന്ന് സെൻട്രൽ ബാങ്ക് അധികൃതർ പറഞ്ഞു. പുതിയ നിയമം വ്യക്തികൾക്കും ബിസിനസുകാർക്കും കൂടുതൽ അയവ് നൽകുമെന്നും അക്കൗണ്ടിൽ ബാക്കിയുള്ള തുക സമൂഹത്തിലെത്താൻ സഹായിക്കുമെന്നും സി.ബി.ഒ അധികൃതർ വ്യക്തമാക്കി.
ഒമാൻ തിരിച്ചടക്കാത്ത ചെക്കുകളുടെ എണ്ണം കഴിഞ്ഞ വർഷം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 3,62,000 അടക്കാത്ത ചെക്കുകളാണ് മടങ്ങിയത്. 2023ൽ 3,62,000 ചെക്കുകളായിരുന്നു മടങ്ങിയത്. സങ്കേതിക കാരണങ്ങളേക്കാൾ അക്കൗണ്ടിൽ പണം ഇല്ലാത്തതായിരുന്നു ചെക്കുകൾ മടങ്ങാൻ പ്രധാന കാരണം.
ചെക്കുകൾ മടങ്ങിയത് കാരണം നിയമ നടപടിയുടെ ഭാഗമായി 31,614 അക്കൗണ്ടുകളാണ് അടക്കുകയോ മരവിപ്പിക്കുകയോ മാറ്റുകയോ ചെയ്തത്. പണം ഇല്ലാത്തതിന്റെ പേരിൽ ചെക്കുകൾ മടങ്ങുന്നത് ഒമാനിൽ വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരക്കാർക്ക് പിഴ, തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല