1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2011

ബോക്സിംഗ് ഡേ ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ബോക്സിംഗ് ഡേ ടെസ്റില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് ജയിക്കാന്‍ 292 റണ്‍സ് വേണം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 240 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 24/1 എന്ന നിലയിലാണ്. ഏഴ് റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എട്ടിന് 179 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന്റെ മുഴുവന്‍ പ്രതീക്ഷയും മൈക്ക് ഹസിയിലായിരുന്നു. എന്നാല്‍ തലേന്നത്തെ സ്കോറിനോട് 10 റണ്‍സ് കൂടി ചേര്‍ത്ത് ഹസി മടങ്ങി. സഹീര്‍ഖാനാണ് വിക്കറ്റ്. തുടര്‍ന്ന് പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് പാറ്റിന്‍സണ്‍- ബെന്‍ ഹില്‍ഫന്‍ഹോസ് സംഖ്യമാണ് ഓസീസിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇരുവരും പത്താം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സ് നേടിയ ഹില്‍ഫന്‍ഹോസാണ് ഒടുവില്‍ പുറത്തായത്. 37 റണ്‍സോടെ പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 എന്ന ശക്തമായ നിലയില്‍ മൂന്നാം ദിനം ക്രീസിലെത്തിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ദ്രാവിഡിനെ നഷ്ടമായി. 68 റണ്‍സുമായി പുറത്താകാതെ നിന്ന ദ്രാവിഡിന്റെ കരുത്തില്‍ ലീഡ് കണ്െടത്താമെന്ന ഇന്ത്യയുടെ വിശ്വാസം ഹില്‍ഫനോസ് ബൌള്‍ഡ് ചെയ്തു. തലേ ദിവസത്തെ സ്കോറിനോട് റണ്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ദ്രാവിഡ് പവലിയന്‍ പൂകി. ഇന്ത്യന്‍ ടീമിലെ വെരി വെരി സ്പെഷലായ ലക്ഷ്ണിന്റെ ഊഴമായിരുന്നു അടുത്തത്. രണ്ടു റണ്‍സെടുത്ത ലക്ഷ്മണിനെ ഹാഡിന്റെ കൈകളിലെത്തിച്ച് സിഡില്‍ ഇന്ത്യന്‍ നട്ടെല്ലു തകര്‍ത്തു. ഇന്ത്യ അഞ്ചിന് 221.

ലക്ഷ്മണിനു പിന്നാലെ യുവതാരം വിരാട് കോഹ്ലി ക്രീസിലെത്തിയെങ്കിലും ഓസീസ് പേസര്‍മാരുടെ കൃത്യതയ്ക്കു മുന്നില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹില്‍ഫനോസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന്റെ കൈകളില്‍ കോഹ്ലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ധോണിയും (6) പവലിയനിലേക്ക് മാര്‍ച്ചു ചെയ്തതോടെ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 245 എന്ന നിലയിലേക്ക് കൂപ്പുകുത്തി. വാലറ്റത്ത് അശ്വിന്‍ (31) ചെറിയ തീപ്പൊരി പാറിച്ചെങ്കിലും ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ സാധിച്ചില്ല. 35 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറും ഉള്‍പ്പെടുന്നതാണ് അശ്വിന്റെ 31 റണ്‍സ്. 68 റണ്‍സ് എടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റ് നഷ്ടപ്പെട്ടത്. 75 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹില്‍ഫനോസാണ് കൂറ്റന്‍ ലീഡ് നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞത്. പീറ്റര്‍ സിഡില്‍ മൂന്നും പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.