1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2019

സ്വന്തം ലേഖകൻ: കുഞ്ഞനിയത്തിക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് ലോകത്തില്‍ വൈറലായിരിക്കുകയാണ്. ഇൻ‍ഡൊനീഷ്യക്കാരനായ മുഹമ്മദ് ഇക്ബാല്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.

കാഴ്ചയില്‍ അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടി വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതാണ് വീഡിയോയില്‍. അവന്‍ ഭക്ഷണമുണ്ടാക്കുന്നതും നോക്കിയിരിക്കുകയാണ് കുഞ്ഞനിയത്തി. ഏറെ ആകാംക്ഷയോടെയാണ് അവളുടെ ഇരിപ്പ്. വലിയ ചീനച്ചട്ടിയിലാണ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത്.

ചട്ടിയിലൊഴിച്ച എണ്ണയിലേക്ക് മുട്ടകള്‍ പൊട്ടിച്ചൊഴിക്കുകയാണ് ആദ്യമവന്‍. അനിയത്തിയുടെ കൈയില്‍ നിന്ന് ചട്ടുകം വാങ്ങി അവനത് നന്നായി ഇളക്കുന്നു. തുടര്‍ന്ന് അവന്‍ ഒരു ബൗളില്‍ കഷണങ്ങളാക്കിയ കാരറ്റും തക്കാളിയും കൊണ്ടുവരുന്നു. അമ്മമാര്‍ സാധാരണ ചെയ്യുന്നത് പോലെ തന്നെ പാത്രത്തില്‍ നിന്ന് കഷണമെടുത്ത് അനിയത്തിക്ക് കൊടുത്ത് അവനും കഴിക്കുന്നുണ്ട്. പിന്നീട് പച്ചക്കറിക്കഷണങ്ങള്‍ ചട്ടിയിലേക്കിടുന്നു.

അത് നന്നായി വഴറ്റിയ ശേഷം അവന്‍ വേവിച്ച ചോറ് ചീനച്ചട്ടിലെ കൂട്ടിലേക്ക് ചേര്‍ക്കുന്നു. പിന്നെ നന്നായി ഇളക്കിച്ചേര്‍ക്കുന്നു. പാകത്തിന് ഉപ്പ് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുന്നുണ്ട്. ഒരു പാചകവിദഗ്ധനോട് കിടപിടിക്കുന്ന രീതിയിലാണ് കുട്ടിയുടെ പാചകം. അവസാനം മേമ്പൊടിയ്ക്കായി ഇലകളരിഞ്ഞതും മസാലക്കൂട്ടും ചേര്‍ക്കുന്നുണ്ട്.

അവസാനം ഉണ്ടാക്കിയ രുചിയേറിയ ഭക്ഷണം (പാചകത്തിന്റെ കാഴ്ചയില്‍ അവനുണ്ടാക്കുന്ന ഭക്ഷണം രുചികരമാണ്) രണ്ട് പാത്രങ്ങളിലാക്കിയ ശേഷം സ്വന്തം കൈ കൊണ്ട് അനിയത്തിക്ക് സ്പൂണില്‍ കോരി അവന്‍ കൊടുക്കുന്നു. ഒപ്പം അവനും കഴിക്കുന്നു. സാധനങ്ങള്‍ ഒരുക്കാനും മറ്റും സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നിരിക്കണം.

കാണുന്നവരുടെ മനസും കണ്ണും നിറയ്ക്കുന്ന ഈ കുട്ടികളുടെ വീഡിയോ 36 ലക്ഷത്തിലധികം പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഏഴായിരത്തിലധികം പേര്‍ മുഹമ്മദ് ഇക്ബാലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. പതിനായിരത്തോളം പേര്‍ വീഡിയോയോട് പ്രതികരിക്കുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.