സ്വന്തം ലേഖകന്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് പാലു കുടിക്കാന്‍ ശ്രമിക്കുന്ന ഒന്നര വയസുകാരന്‍, സമൂഹ മാധ്യമങ്ങളില്‍ വേദന പടര്‍ത്തി മധ്യപ്രദേശില്‍ നിന്നുള്ള ചിത്രം. കഴിഞ്ഞ ദിവസമാണ് റെയില്‍ പാളത്തിനടുത്ത് മരിച്ചു കിടക്കുന്ന അമ്മയുടെ മൃതദേഹത്തില്‍ നിന്നും പാലു കുടിക്കാന്‍ ശ്രമിക്കുന്ന ഒന്നര വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ദമോയില്‍ സാരമായി മുറിവ് പറ്റിയ നിലയിലുള്ള മൃതദേഹം ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
പാലു കുടിക്കാതെ വിശന്നു വലഞ്ഞ ഒരു വയസ്സുകാരനായ കുഞ്ഞ് പാലു കുടിക്കാന്‍ മാതാവിന്റെ ശരീരത്തേക്ക് കയറാന്‍ ശ്രമിക്കുകയും കരയുകയും അമ്മയെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിക്കുകയുമെല്ലാം ചെയ്യുന്നത് ഗ്രാമീണരുടെ കണ്ണു നനയിച്ചു. നിശ്ചലമായി കിടക്കുന്ന അമ്മയുടെ ശരീരത്തേക്ക് പിഞ്ചു ബാലന്‍ പിടിച്ചു കയറുകയായിരുന്നു. ഇത്തരത്തില്‍ ഹൃദയം തകര്‍ക്കുന്ന കാഴ്ചകളില്‍ ഒന്ന് ജീവിതത്തില്‍ ആദ്യമായിരുന്നു എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. എന്നാല്‍ 10 രുപ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറ്റിയില്ല. ഒടുവില്‍ അറ്റന്‍ഡര്‍ എത്തിയാണ് പണം നല്‍കിയത്. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമ്മയില്‍നിന്ന് വേര്‍പെടുത്തിയതോടെ ബഹളം വച്ച കുട്ടി ചില്‍ഡ്രന്‍സ് ഹോമില്‍ ശാന്തനാണെന്നും കുട്ടിയുടേയും അമ്മയുടേയും ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടിസ് പ്രസിദ്ധീകരിക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ഥി അറിയിച്ചു. മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പൊലിസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല