യുകെ സ്വദേശി ജോണ്‍ ജെയിംസ് ഐലോട്ടിന്റെയും സാന്‍ഡി മേരിയുടേയും ഓമനപ്പുത്രന്‍ ആന്‍ഡ്രു ഇനി പുതുപ്പള്ളിയുടെ മരുമകന്‍. പുതുപ്പള്ളി തോട്ടക്കാട് പുല്ലോലിക്കല്‍ ഏബ്രഹാം പി. ജോര്‍ജിന്റെയും മേഴ്‌സിയുടേയും മകള്‍ അനുജിയുടെ കരംഗ്രഹിച്ച ആന്‍ഡ്രു തറവാട്ടിലെത്തിയതോടെ തനി മലയാളിയായി മാറിക്കഴിഞ്ഞു. യുകെയിലെ ഡറം സര്‍വകലാശാലയില്‍ പഠനത്തിനിടെയായിരുന്നു ആന്‍ഡ്രുവും അനുജിയും കണ്ടുമുട്ടിയത്. പിന്നെ പിരിയാനാവാത്ത വിധം ഗാഢമായ സ്‌നേഹബന്ധം. വിവാഹം ചെയ്യാനുള്ള ആഗ്രഹം ആന്‍ഡ്രു വെളിപ്പെടുത്തിയപ്പോള്‍ അനുജി മുന്നോട്ടുവച്ചത് ഒരു ആവശ്യമാത്രം. ‘അച്ഛനമ്മമാരുടെ സമ്മതം വാങ്ങണം, സമ്മതം കിട്ടിയാല്‍ നാട്ടിലുള്ള പള്ളിയില്‍വച്ച് ആചാരപ്രകാരം കല്യാണം നടത്തണം! താമസിയാതെ ആന്‍ഡ്രുവിന്റെ മാതാപിതാക്കളായ ജോണ്‍ ജെയിംസ് ഐലോട്ടിന്റെയും സാന്‍ഡി മേരി ഐലോട്ടിന്റെയും ഇ-മെയില്‍ സന്ദേശം അനുജിയുടെ പിതാവ് ഏബ്രഹാമിനെത്തേടിയെത്തി.
ആന്‍ഡ്രുവിന് അനുജിയെ ഇഷ്ടമാണെന്നും വിവാഹത്തിനു സമ്മതമാണോ എന്നുമായിരുന്നു അന്വേഷണം. ഏബ്രഹാമിനും ഭാര്യ മേഴ്‌സിക്കും മകളുടെ തന്നെ അഭിപ്രായമായിരുന്നു. വിവാഹം നാട്ടില്‍ ആചാരപ്രകാരം നടക്കണം. പെണ്‍വീട്ടുകാരുടെ ആവശ്യം വരന്റെ വീട്ടുകാര്‍ അംഗീകരിച്ചു. അങ്ങനെയാണ് ആന്‍ഡ്രു പുതുപ്പള്ളിക്കു മരുമകനായെത്തിയത്.
വിവാഹത്തേലേന്ന് വരനെ സ്വാഗതം ചെയ്യാന്‍ വിവാഹത്തലേന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിവരെയെത്തി. കല്യാണം കൂടാന്‍ വരന്റെ ബന്ധുക്കളായി പത്തു പേരാണ് ഉണ്ടായത്. സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള രണ്ടു സുഹൃത്തുക്കള്‍ കൂടിയായപ്പോള്‍ 12 വിദേശികള്‍. സ്ത്രീകള്‍ സാരിയും ബ്ലൗസുമണിഞ്ഞു തനി കേരളീയ മട്ടില്‍. ഒരാഴ്ച മുന്‍പെത്തിയ വരനും ബന്ധുക്കളും നഗരത്തിലെ ഒരു ഹോട്ടലിലും കുമരകത്തുമായാണു താമസിച്ചത്. അമേരിക്കയില്‍ ശാസ്ത്രജ്ഞരാണ് അനുജിയും ആന്‍ഡ്രുവും. ബ്രിട്ടനിലെ പഠനം പൂര്‍ത്തിയാക്കി ആദ്യം അനുജിയാണ് അമേരിക്കയിലക്കു പോയത്. തൊട്ടുപിന്നാലെ ആന്‍ഡ്രുവുമെത്തി. ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലുമായിട്ടായിരുന്നു ഇതുവരെയും ഇരുവരുടെയും താമസം. മടങ്ങിച്ചെന്ന ശേഷം ഒരിടത്തു താമസമാക്കാനാണു തീരുമാനമെന്ന് അനുജി പറഞ്ഞു. 26ന് ആണു നവദമ്പതികളുടെ മടക്കയാത്ര. നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന വിവാഹ ശുശ്രൂഷയ്ക്കു ഫാ. രാജന്‍ വര്‍ഗീസ് നേതൃത്വംനല്‍കി. പുള്ളോലിക്കല്‍ വീട്ടിലേക്ക് ആന്‍ഡ്രുവിനൊപ്പം മറ്റൊരു അതിഥി കൂടിയെത്തിയത് വിവാഹച്ചടങ്ങിനിടയില്‍ ഇരട്ടി സന്തോഷം പകര്‍ന്നു. വിവാഹമുഹൂര്‍ത്തത്തില്‍ തന്നെയായിരുന്നു അനുജിയുടെ സഹോദരി മഞ്ജു ആണ്‍കുഞ്ഞിനു ജന്മംനല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല