1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2023

സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രവചിക്കാനാവാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കാം ആരോഗ്യമേഖലയ്ക്ക് നേരിടേണ്ടി വരികയെന്നും ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍ തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദുരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചുമ, ശ്വാസം മുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദ്ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികില്‍സ തേടുന്നുണ്ടെങ്കിലും ഇവരിൽ മിക്കവർക്കും തന്നെ ആശുപത്രി അഡ്മിഷൻ വേണ്ടി വന്നിട്ടില്ല. അതേ സമയം, ആസ്മ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗമുളള ചില രോഗികൾ പുക ശ്വസിക്കുന്നതുമൂലം സ്ഥിതി വഷളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്.

എന്‍ 95 പോലുള്ള മാസ്‌കുകൾ പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ ചെറു കണങ്ങള്‍ (particulate matter) എന്നിവ തടയുമെങ്കിലും ഇവ വാതകങ്ങളെ പ്രതിരോധിക്കില്ല. പുകയിൽ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ എന്നിവ പരിസ്ഥിതിയെ ബാധിക്കും.

ഇവ ജലസ്രോതസ്സുകളിലും കൃഷിസ്ഥലങ്ങളിലും ക്രമേണ പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരില്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും ആ സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കണമെന്നും ഐഎംഎ സയന്റിഫിക്ക് അഡ്‌വൈസര്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു. വിഷപ്പുക അണയ്ക്കാന്‍ നേതൃത്വം നല്‍കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ്, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്ക് മെഡിക്കല്‍ പരിശോധനയും മറ്റും നടത്താന്‍ ഐഎംഎ കൊച്ചി തയാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

അതേസമയം ബ്രഹ്‌മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പകരുന്ന പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാകാതെ സര്‍ക്കാര്‍. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല.

പുകകാരണം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.