സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു ഗുണനിലവാരത്തില്‍ 11-ാം ദിവസവും മാറ്റമില്ല. മോശം അവസ്ഥയില്‍ തുടരുകയാണ് കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്ന് www.aqi.in പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം 135-ഉം രാജ്യത്ത് 128-മായിരുന്നപ്പോള്‍, കൊച്ചിയിലേത് 160-ന് മുകളിലായിരുന്നു. ഞായാറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94-ാം സ്ഥാനത്താണ് കൊച്ചി.
തീപ്പിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായുഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒമ്പത് മണിക്ക് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു.
ശനിയാഴ്ച 11 മണിക്ക് വായുനിലവാരം 300 തൊട്ടിരുന്നു. ഞായറാഴ്ച രാവിലെ വായുഗുണനിലവാരം 6.30-ഓടെ 207- ഉം, എഴ് മണിക്ക് 222-ഉം, എട്ടുമണിക്ക് 212-ഉം 9.30ഓടെ 209-ഉം ആയിരുന്നു. 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101-ന് മുകളില്‍ മോശം നിലയും 201-ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളില്‍ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു.
അതിനിടെ ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് കരാര്‍ ഏറ്റെടുത്ത സോണ്ട ഇന്‍ഫ്രാടെക് കമ്പനി. ബയോ-മൈനിങ്, ക്യാപ്പിങ് സംവിധാനം ഉപയോഗിച്ച് ബ്രഹ്മപുരത്ത് പഴയ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്രവൃത്തിക്ക് മാത്രമാണ് കരാറുള്ളത്. ദിവസേന വരുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനോ പ്ലാസ്റ്റിക് പുനരുപയോഗം ഉള്‍പ്പെടെയുള്ള സംസ്‌കരണമോ കമ്പനിയുടെ കരാറിന്റെ പരിധിയുടെ ഭാഗമല്ല.
2021 സെപ്റ്റംബര്‍ ആറിനാണ് കമ്പനി ഇതിനായി കരാര്‍ ഉണ്ടാക്കിയത്. 2022 ജനുവരി 21-മുതലാണ് പ്ലാന്റിലേക്ക് പ്രവേശനം നല്‍കിയിട്ടുമുള്ളൂ. കരാറിനും ബാധകമായ നിയമങ്ങള്‍ക്കും അനുസൃതമായി കമ്പനിയുടെ പ്രവര്‍ത്തനം തുടരുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് കമ്പനിക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 16-നും മാര്‍ച്ച് ആറിനും കത്ത് നല്‍കിയതായി ചില വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍, കമ്പനിക്ക് ഒരിക്കലും അത്തരത്തില്‍ കത്ത് കിട്ടിയിട്ടില്ല.
മാലിന്യത്തില്‍ നിന്ന് പുറന്തള്ളുന്ന മീഥേന്‍ മൂലമാണ് മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടാകുന്നത് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കടുത്ത ചൂടുള്ള കാലാവസ്ഥയും ഓക്സിജനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മീഥേന്‍ സാന്നിധ്യവുമാണ് തീപ്പിടിത്തത്തിന് കാരണമായതെന്നും കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ബ്രഹ്‌മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേ ആരംഭിക്കും. പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ഇതിനായി ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല