സ്വന്തം ലേഖകൻ: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് ലോറന്‍സിന്റെ ഭാര്യ ലിസി പറയുന്നത്.
വീട്ടില്‍വച്ചാണ് അദ്ദേഹം മരിച്ചത്. മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മരണകാരണത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ജില്ലാ ഭരണകൂടവും പ്രതികരിച്ചിട്ടില്ല.
അതിനിടെ ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്.
ഇതിനിടയിൽ പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയർ കോർപറേഷന് അകത്തേക്ക് കടന്നു. കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. കോർപറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല