1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2023

സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം.

നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരുംദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും.

ബ്രഹ്മപുരത്ത് പത്തോളം വരുന്ന അഗ്നിശമന സേനാ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമം തുടരുന്നു. തീ പിടിച്ചതിന്റെ നാലാം ദിനത്തിൽ 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേനാ ഓഫീസർ സതീശൻ വ്യക്തമാക്കി.

“നിലവിൽ എറണാകുളം ഡിവിഷന് പുറമെ കോട്ടയം, പാലക്കാട് നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ കൂടി തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്. 110 ഏക്കറോളം വരുന്ന സ്ഥലത്ത് പ്ലാസ്റ്റിക് സാധനങ്ങൾ മാത്രം 25 അടിയോളം ഘനത്തിൽ കൂടിക്കിടക്കുകയാണ്.

മുകളിൽ നിന്ന് എങ്ങനെ വെള്ളമൊഴിച്ചാലും പ്ലാസ്റ്റിക് നനയില്ല. ഒഴിക്കുന്ന വെള്ളം മുഴുവൻ ആവിയായി പോകുന്നു. പ്ലാസ്റ്റിക് അടിയിൽ നിന്ന് വീണ്ടും കത്തുന്നുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിൽ അണച്ച സ്ഥലത്ത് ശക്തമായ കാറ്റിന്റേയും ചൂടിന്റേയും പ്രശ്നം കൊണ്ട് രണ്ടാമതും തീപിടിത്തമുണ്ടാകുന്ന സാഹചര്യമുണ്ടായി,” സതീശൻ പറഞ്ഞു.

അതേസമയം കൊച്ചിയിലെ വായു ഗുണനിലവാരം മോശം അവസ്ഥയിൽ എത്തി നിൽക്കുകയാണ്. മലിനീകരണം ഉണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും ആറിരട്ടിയിലധികമാണെന്നാണ് വിവരം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നേവിയുടെ ഹെലികോപ്റ്റർ അടക്കം തീ നിയന്ത്രണവിധേയമാക്കാന രംഗത്തുണ്ടായിരുന്നു. ആവശ്യമെങ്കിൽ കൂടുതൽ എയർഫോഴ്സിന്റെ സഹായം തേടുമെന്ന് എറണാകുളം കളക്ടർ രേണുരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസം ഉണ്ടായിരുന്നതിൽ നഗരത്തിൽ ഇന്ന് പുകയ്ക്ക് ശമനം ഉണ്ട്. എന്നാൽ പലയിടങ്ങളിലും പ്ലാസ്റ്റികിന്റെ അതിരൂക്ഷ ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുണ്ട്. കലൂർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടക്കാനെത്തിയ പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് തിരിച്ചു പോയിരുന്നു.

അതേസമയം, ബ്രഹ്മപുരത്ത് തീ അണയാതെ തുടരുന്നതോടെ, കൊച്ചിയിലെയും സമീപ നഗരസഭകളിലെയും മാലിന്യസംസ്‌കരണം പൂർണമായും നിലച്ച നിലയിലാണ്. കൊച്ചി കോർപ്പറേഷൻ ഭാഗത്തുനിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിവെയ്ക്കാൻ തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ച വീടുകളിൽനിന്ന് എടുത്ത മാലിന്യം റോഡരികിലെ പല സംഭരണ കേന്ദ്രങ്ങളിലും കെട്ടിക്കിടക്കുകയാണ്. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വൈകിയാൽ അടുക്കളമാലിന്യം റോഡിലേക്ക് എത്താനുള്ള സാഹചര്യം ഏറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.