സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യസംസ്കരണശാലയിൽ പടർന്നുകത്തിയ തീയിൽ നിന്നുള്ള പുക അഞ്ചാംദിവസവും കൊച്ചിയിലാകെ പരന്നു നിറഞ്ഞു. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഭാഗങ്ങളിലേക്കും പടർന്നു. എറണാകുളം നഗരത്തിൽ ബ്രഹ്മപുരം, ഇരുമ്പനം, എരൂർ, തൃപ്പൂണിത്തുറ, വൈറ്റില, കുണ്ടന്നൂർ, അരൂർ ഭാഗങ്ങളിൽ തിങ്കളാഴ്ചയും പുകയെത്തി. പകൽ കുറവാണെങ്കിലും രാത്രിയാകുന്നതോടെ നഗരത്തിലാകെ പുക പരക്കുന്നുണ്ട്.
ആളിക്കത്തിയ തീ ദിവസങ്ങൾക്കു ശേഷമാണ് അണയ്ക്കാനായത്. മാലിന്യ മലകളിലെ തീ അണഞ്ഞതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ ഇളക്കി വെള്ളം ഒഴിക്കുകയാണ്. മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ഇങ്ങനെ മാലിന്യം ഇളക്കി വെള്ളമൊഴിക്കുന്നത്.
മാലിന്യക്കൂമ്പാരം ഇളക്കുന്നതിനായി 12 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ 30 യൂണിറ്റുകളം 120 സേനാംഗങ്ങളും പ്രവർത്തിക്കുന്നു. തീപ്പിടിത്തമുണ്ടായ പ്രദേശം മുഴുവൻ വെള്ളത്തിലാക്കുന്ന ഫ്ലഡിങ് രീതിയിലാണ് പുക ശമിപ്പിക്കുന്നത്. ആലപ്പുഴയിൽ നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിങ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്റ്ററിൽ മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുമുണ്ട്.
അതിനിടെ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം നാലാംദിനവും മുടങ്ങി. ബ്രഹ്മപുരത്തെ കെ.എസ്.ഇ.ബി.220 കെ.വി. സബ് സ്റ്റേഷനിലെ ജീവനക്കാർക്ക് അഞ്ചുദിവസമായി പുകയിൽ നിന്ന് ജോലി ചെയ്തതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായി. ഒരു ജീവനക്കാരി ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയോടെ പുക ശമിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും രണ്ടുമൂന്നു ദിവസം കൂടി ഉണ്ടാകാനാണ് സാധ്യത.
പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനീയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതിയിൽ കൃത്യമായ മറുപടി നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ. കൃത്യമായ മറുപടി ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തീപിടത്തത്തിനുശേഷമുണ്ടായ മലിനീകരണത്തിൽ എന്തു നടപടിയെടുത്തെന്നു കോടതി ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ല. ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ ശ്വാസം മുട്ടിയെന്നും ജഡ്ജി പറഞ്ഞു.
കൊച്ചിയിൽ ശ്വസിക്കുന്ന ഓരോ അംശത്തിലും അടങ്ങിയിരിക്കുന്നത് ഡയോക്‌സിൻസും, മെർക്കുറിയും, പോളിക്ലോറിനേറ്റഡ് ബൈഫിനൈലും ലെഡുമെല്ലാമാണ്. ഇവ മനുഷ്യ ശരീരത്തിൽ അതിഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിഷപ്പുക ശ്വസിക്കുന്ന ഒരു വ്യക്തിക്ക് തലവേദന, പുളിച്ചു തികട്ടൽ പോലുള്ള അസ്വസ്ഥകൾ ഉണ്ടാകും. എന്നാൽ നിർത്താതെയുള്ള ചുമ, ശ്വാസം മുട്ടൽ, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. ഏറെ നാൾ ഈ പുക ശ്വസിച്ചാൽ ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് പോലെ ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളിലേക്കും ഇത് വഴി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല