സ്വന്തം ലേഖകന്‍: ആമസോണ്‍ മഴക്കാടുകളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന കാട്ടുതീ പ്രതിരോധിക്കാന്‍ ജി 7 രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്ന് ബ്രസീല്‍. സ്വന്തം രാജ്യത്തേയും കോളനികളേയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ബ്രസീല്‍ ആവശ്യപ്പെടുകയും ചെയ്തു.
‘സഹായസന്നദ്ധത ഞങ്ങള്‍ അംഗീകരിക്കുന്നു, പക്ഷെ ബ്രസീലിനെക്കാള്‍ യൂറോപ്പിലെ വനവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണുത്തമം.’ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയുടെ ഓഫീസ് അറിയിച്ചു. മുഖ്യഉദ്യോഗസ്ഥന്‍ ഒനിക്‌സ് ലോറന്‍സോണി ജി 1 ന്യൂസ് വെബ്‌സൈറ്റിലൂടെയാണ് പ്രസിഡന്റിന്റെ നിലപാട് വ്യക്തമാക്കിയത്.
സ്വന്തം രാജ്യത്തിനുള്ളിലെ ദേവാലയത്തില്‍ മുന്‍കൂട്ടി തടയാമായിരുന്ന അഗ്‌നിബാധയെ പ്രതിരോധിക്കാന്‍ പോലും സാധിക്കാതിരുന്ന മാക്രോണ്‍ ബ്രസീലിനെ ഏതു വിധത്തിലാണ് സഹായിക്കുക എന്നും ഒനിക്‌സ് ലോറന്‍സോണി ചോദ്യമുന്നയിച്ചു. ഏപ്രിലില്‍ നോത്രദാം ദേവാലയത്തിലുണ്ടായ അഗ്‌നിബാധയെ സൂചിപ്പിച്ചാണ് ലോറന്‍സോണി മാക്രോണിനെ പരിഹസിച്ചത്.
കാട്ടുതീ തടയാന്‍ 20 മില്യണ്‍ ഡോളര്‍ ബ്രസീലിന് ധനസഹായം നല്‍കാമെന്ന് ജി 7 ഉച്ചകോടിയില്‍ ഫ്രാന്‍സ് വാഗ്ദാനം ചെയ്തിരുന്നു. ജി 7 നല്‍കുന്ന ധനസഹായം ബ്രസീലിയന്‍ പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാല്‍സ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റും മറ്റു മന്ത്രിമാരുമായി നടത്തിയ അടിയന്തരയോഗത്തിന് ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു.
ഫ്രാന്‍സിന്റെ സഹായം നിരസിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരിക്കുകയാണ്. ആമസോണ്‍ കാട്ടുതീ അന്താരാഷ്ട്ര പ്രശ്‌നമാണെന്ന് മാക്രോണ്‍ ട്വീറ്റ് ചെയ്തതോടെ മാക്രോണിന് സാമ്രാജ്യത്വ മനോഭാവമാണെന്ന് ബോല്‍സൊനാരോ ആരോപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല