സ്വന്തം ലേഖകന്‍: ബ്രസീല്‍ അണക്കെട്ട് ദുരന്തത്തില്‍ മരണമായി വന്ന് മൂടിയ ചെളിയില്‍ നിന്ന് ജീവനുവേണ്ടി ഒരു വിരല്‍; ആകാശത്ത് നിന്ന് ജീവന്റെ നൂല്‍ ഇറക്കി ബ്രസീല്‍ രക്ഷാസേനയുടെ ഹെലികോപ്ടര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ ചെളിയില്‍ കുടുങ്ങിയ ഒരാളെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസിലാണ് അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തമുണ്ടായത്. ഒരു പ്രദേശം തന്നെ വെള്ളത്തിന് അടിയിലാകുകയായിരുന്നു. അപകടത്തില്‍ മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ചെളിയും വെള്ളത്തിലും താണുപൊയ്‌ക്കൊണ്ടിരുന്ന മനുഷ്യനെ രക്ഷാസേനയുടെ ഹെലികോപ്റ്ററിലെത്തിയ സൈനികര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ നടുക്കുകയാണ്. ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങുകയായിരുന്നു.
ഇയാളെപ്പോലെ മണ്ണിനടിയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ആയിരത്തിലേറെ വീടുകളും വെള്ളത്തിനടിയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല