സ്വന്തം ലേഖകന്‍: ബ്രസീലില്‍ ദില്‍മ റൂസഫ് സര്‍ക്കാരിന് ശനിദശ, രണ്ടു സഖ്യ കക്ഷികളും പിന്തുണ പിന്‍വലിച്ചു. പ്രസിഡന്റ് ദില്‍മ റൂസഫിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സഖ്യകക്ഷികളായ പ്രൊഗ്രസീവ് പാര്‍ട്ടിയും റിപബ്ലിക്കന്‍ പാര്‍ട്ടിയും സര്‍കാരിനെതിരായ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.
47 അംഗങ്ങളുള്ള പ്രൊഗ്രസീവ് പാര്‍ട്ടി ഇന്നലെ പിന്തുണ പിന്‍വലിച്ചിരുന്നു. 22 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കണക്കുകള്‍ ദില്‍മ പെരുപ്പിച്ചുകാണിച്ചുവെന്നാണ് ഇവരുടെ ആരോപണം. അതേസമയം, പ്രതിപക്ഷം അട്ടിമറിക്കു ശ്രമിക്കുകയാണെന്ന് ദില്‍മ ആരോപിച്ചു.
ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ടൈമറാണെന്നും ദില്‍മ റൂസഫ് തുറന്നടിച്ചു. അതിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളെന്ന് അവര്‍ ആരോപിച്ചു. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റായ തനിക്കുനേരെ ഇംപീച്ച്‌മെന്റിനായുള്ള വോട്ടെടുപ്പില്‍ ശക്തമായ പ്രചാരണങ്ങളാണ് നടന്നത്. ജനാധിപത്യത്തെ മാനിക്കാതെ നിയമം ലംഘിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ദില്‍മ പറഞ്ഞു.
ഞായറാഴ്ചയാണ് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇംപീച്ച്‌മെന്റ് നടപടി. തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം അവശേഷിക്കേ പ്രചാരണത്തിന് തുടക്കമിട്ട ദില്‍മ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുവെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല