സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് ബ്രസീല്‍ പുറത്തായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 3, 4 നായിരുന്നു ബ്രസീലിന്റെ തോല്‍വി. ബ്രസീല്‍ താരങ്ങളായ റിബയ്‌റോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ഷൂട്ടൗട്ടില്‍ കിക്കുകള്‍ പാഴാക്കി.
നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് പരാഗ്വെ പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടില്‍ തന്നെ വെറ്ററന്‍ താരം റൊബീഞ്ഞോയിലൂടെ അവര്‍ ഗോളും നേടി.
ഗോള്‍ നേടിയതോടെ ബ്രസീല്‍ പ്രതിരോധത്തിലേക്കും പരാഗ്വെ ആക്രമണത്തിലേക്കും മാറി. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ പരാഗ്വെ നഷ്ടപ്പെടുത്തി. ഒടുവില്‍ 69 മത്തെ മിനിട്ടില്‍ പരാഗ്വെക്ക് അനുകൂലമായി പെനാല്‍ട്ടി കിക്കെടുത്ത ഡേവിഡ് ഗോണ്‍സാലസിന് പിഴച്ചില്ല.
പിന്നീട് ആര്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പകരക്കാരനായിറങ്ങിയ റിബെയ്‌റോ ബ്രസിലിന്റെ കിക്ക് ആദ്യം പുറത്തേക്കടിച്ചു. എന്നാല്‍ മൂന്നാം കിക്ക് പരാഗ്വെ ക്യാപ്റ്റന്‍ റോക്കി സാന്റാക്രൂസും പുറത്തേക്കടിച്ചതോടെ ബ്രസീല്‍ നിരയില്‍ വീണ്ടും പ്രതീക്ഷയുണര്‍ന്നു.
എന്നാല്‍ നാലാം കിക്ക് ഡഗ്ലസ് കോസ്റ്റയും പുറത്തേക്കടിച്ചതോടെ അത് അവസാനിക്കുകയും ചെയ്തു. അവസാന കിക്കെടുത്ത ഡേവിഡ് ഗോണ്‍സാലസ് ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടതോടെ പരാഗ്വെ സെമിയിലേക്കും ബ്രസീല്‍ പുറത്തേക്കും മാര്‍ച്ച് ചെയ്തു. സെമിയില്‍ അര്‍ജന്റീനയാണ് പരാഗ്വെയുടെ എതിരാളികള്‍. ജൂണ്‍ 30 ന് നടക്കുന്ന ആദ്യ സെമിയില്‍ ചിലി പെറുവിനെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല