ആര്‍ത്തവ വിരാമമെത്തിയ പ്രമേഹബാധിതരായ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനു സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ടൈപ് 2 പ്രമേഹബാധിതരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല്പതു വ്യത്യസ്ത പഠനങ്ങള്‍ നടത്തിയ ശേഷം കണ്ടെത്തിയ സൂചനകള്‍ അവലോകനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. പ്രമേഹത്തിനും സ്തനാര്‍ബുദത്തിനും വളരെ പ്രകടമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറില്‍ വ്യക്തമാക്കുന്നു.
പ്രഫ. പീറ്റര്‍ ബോയല്‍ നേതൃത്വം നല്‍കിയ പഠനത്തില്‍ 56,000ലധികം സ്ത്രീകളെയാണ് പങ്കെടുപ്പിച്ചത്. തുടര്‍ന്ന് നടന്ന പരീക്ഷണത്തിനും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് പ്രമേഹവും സ്തനാര്‍ബുദവും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്ന് വിദഗ്ധര്‍ ഉറപ്പിച്ചത്. ഇതാദ്യമായാണ് പ്രമേഹവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. ആര്‍ത്തവ വിരാമമെത്തിയ ടൈപ് 2 പ്രമേഹരോഗികളായ സ്ത്രീകളെ സ്തനാര്‍ബുദം ബാധിക്കാന്‍ 27 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി വിദഗ്ധര്‍ പറഞ്ഞു. അതേസമയം, ടൈപ് 1 പ്രമേഹവും ആര്‍ത്തവവിരാമവും സ്തനാര്‍ബുദത്തിനു കാരണമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിത ശരീരഭാരം പ്രമേഹത്തിനു കാരണമാകാറുണ്ട്. അമിത ശരീരഭാരം ഹോര്‍മോണ്‍ വ്യതിയാനത്തിലേയ്ക്കു നയിക്കും.
ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളില്‍ അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ പകുതിയിലേറെയും സ്തനാര്‍ബുദം മൂലമുള്ളതാണ്. മുപ്പതു വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം പിടിപെടാന്‍ സാധ്യത. 35 വയസിനു മുകളില്‍ പ്രായമായ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടിവരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യതയും ഏറിവരുന്നു. സ്തനാര്‍ബുദം പകുതിയിലേറെയും അറുപത് വയസിനുമേല്‍ പ്രായമായവരിലാണ് കണ്ടുവരുന്നത്. സ്തനാര്‍ബുദം ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുക. പ്രസവിക്കാത്തവരിലും മുലയൂട്ടാത്തവരിലും പ്രസവിക്കുകയും മുലയൂട്ടാതിരിക്കുകയും ചെയ്തവരിലുമാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍.
സ്തനത്തിലെ ചില കോശങ്ങള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വളര്‍ച്ചയാണ് സ്തനാര്‍ബുദമായി മാറുന്നത്. സ്ത്രീഹോര്‍മോണായ ഈസ്‌ട്രൊജനാണ് ഇതിനു പിന്നില്‍. ജീവിതശൈലി, ഭക്ഷണം, വ്യായാമക്കുറവ്, ഭക്ഷണക്രമീകരണം തുടങ്ങിയവയെല്ലാം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാവുകയും അത് സ്തനാര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കോശങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച സ്തനങ്ങളില്‍ മാത്രം ഒതുങ്ങാതെ മറ്റ് ഭാഗങ്ങളിലേക്കും പടരുന്നതാണ് സ്തനാര്‍ബുദം ഗുരുതരമാകാന്‍ കാരണം. സ്തനത്തിലുണ്ടാകുന്ന ചെറിയ മുഴകളോ തടിപ്പുകളോ ആയിരിക്കും ആദ്യ ലക്ഷണം. എഴുപതു ശതമാനം ആളുകളിലും ഈ മുഴകള്‍ക്ക് വേദന കാണില്ല. അതുകൊണ്ട് തന്നെ സ്തനത്തിലുണ്ടാകുന്ന വേദനകള്‍ പലപ്പോഴും അറിയാതെ പോകുന്നു.
രോഗത്തിന്റെ തീവ്രതയനുസരിച്ച് സ്തനാര്‍ബുദത്തെ പ്രധാനമായും നാലുഘട്ടമായി തിരിക്കാം. ഇതില്‍ ആദ്യ ഘട്ടത്തില്‍ മുഴകള്‍ക്ക് വലുപ്പം വളരെ കുറവായിരിക്കും. ഈ ഘട്ടത്തില്‍ രോഗം കണ്ടു പിടിച്ച് ചികിത്സിച്ചാല്‍ ഭേദമാക്കാം. രാണ്ടാമത്തെ ഘട്ടത്തിലും ചികിത്സ ഫലപ്രദമാകും. മൂന്നും നാലും ഘട്ടത്തിലാണ് രോഗമെങ്കില്‍ അത് ഗുരുതരമാകും. എന്നാല്‍ രോഗം ഗുരുതരമാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മുന്‍കൂട്ടിയുള്ള പരിശോധനയില്‍ നിന്നും രോഗം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് സ്തനാര്‍ബുദത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. നേരത്തേ അറിഞ്ഞാല്‍ ഒഴിവാക്കാം. സ്തനം മുറിച്ചു മാറ്റേണ്ടിവരുന്നതുപോലുള്ള സങ്കീര്‍ണതകളാണ് സ്തനാര്‍ബുദത്തെ ഭീകരരോഗമായി മാറ്റുന്നത്. എന്നാല്‍ സ്തനം മുറിച്ചു മാറ്റാതെ തന്നെ ഇന്ന് സ്തനാര്‍ബുദത്തിന് പരിഹാരം കാണാനാവും. സ്തന ഭംഗിയില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകാതെ സ്തനം പുനസ്ഥാപിക്കാന്‍ സാധിക്കും. മുന്‍കൂട്ടിയുള്ള പരിശോധന അഥവാ സ്‌ക്രീനിംഗിലൂടെ സ്തനാര്‍ബുദ സാധ്യത മുളയിലേ നുള്ളിക്കളയാം. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി സക്രീനിംഗ് നടത്താം. ഇതിനായി മാമോഗ്രാഫിയും അള്‍ട്രാസൗണ്ട് സ്‌കാനിംഗുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല