സ്വന്തം ലേഖകന്‍: അച്ഛനും അമ്മയും ഒഴിച്ചുള്ള എന്തും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിട്ടുമെന്ന പറച്ചില് മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ കച്ചവടത്തിനെത്തിയത് മുലപ്പാലാണ്. യൂറോപ്പിലെ ചില പ്രമുഖ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുമാണ് മുലപ്പാല്‍ കുപ്പിയിലാക്കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കു പിന്നില്‍.
നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ സൂപ്പര്‍ഫുഡ് എന്ന നിലയിലാണ് മുലപ്പാല്‍ ഓണ്‍ലൈന്‍ വിപണികളില്‍ സ്ഥാനം പിടിക്കുന്നതെന്നാണ് സൂചന. ബ്രെസ്റ്റ് ഫീഡിങ് എന്ന പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്.
ഒടുവില്‍ മുലപ്പാലും വില്പനച്ചരക്കായിരിക്കുന്നു എന്ന് പരിതപിച്ച് പ്രസിദ്ധീകരണം മുഖപ്രസംഗം എഴുതുകയും ചെയ്തു. എന്നാലും ഇതിത്തിരി കടന്നു പോയെന്നാണ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആര്‍തര്‍ എഡില്‍മാന്‍ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇതോടൊപ്പം ഇത് എത്രത്തോളം വിജയകരമായിരിക്കുമെന്നതു സംബന്ധിച്ചും മുഖപ്രസംഗം ആശങ്കപ്പെടുന്നു. ഇത്തരം കച്ചവടത്തില്‍ പശുവിന്പാല് ചേര്‍ക്കാനും വൃത്തിയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ബാക്ടീരിയകള്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്ന് എഡില്‍മാന്‍ മുന്നറിയിപ്പ് നല്കുന്നു.
എന്തായാലും ഓണ്‍ലൈന്‍ മുലപ്പാല്‍ കുപ്പികള്‍ക്ക് ബോഡി ബില്ഡര്മാര്ക്കിടയിലും അത്ലറ്റുകള്ക്കിടയിലും നല്ല ചെലവാണെന്നാണ് അണിയറ വര്‍ത്തമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല