സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, നഷ്ടമാകുന്നത് ക്രീസിലെ മാലപ്പടക്കങ്ങള്‍. ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമാണ് മക്കല്ലം. അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനാണ് മക്കല്ലത്തിന്റെ തീരുമാനം.
ക്രെസ്റ്റ് ചര്‍ച്ചില്‍ ഫിബ്രവരി 20നാണ് ഓസ്‌ട്രേലയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുക.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിനുശേഷം വിരമിക്കാനാണ് പദ്ദതി ഇട്ടിരുന്നത്. എന്നാല്‍ അതിനിടെ ട്വന്റി20 ലോകകപ്പ് വന്നതോടെയാണ് പ്രഖ്യാപനം നേരത്തെയാക്കിയതെന്ന് മക്കല്ലം പറഞ്ഞു.
2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഏകദിനത്തില്‍ മക്കല്ലെത്തിന്റെ അരങ്ങേറ്റം. രണ്ട് വര്‍ഷം കഴിഞ്ഞ് ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റിലും അരങ്ങേറി.
254 ഏകദിനങ്ങളില്‍ നിന്ന് 5909 റണ്‍സ് നേടിയ മക്കല്ലം അയര്‍ലന്‍ഡിനെതിരെ 135 പന്തില്‍ അടിച്ചു കൂട്ടിയ 166 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 99 ടെസ്റ്റില്‍ നിന്ന് 11 സെഞ്ച്വറിയടക്കം 6237 റണ്‍സും നേടിയിട്ടുണ്ട്. ഒരു ത്രിപ്പിള്‍ സെഞ്ച്വറിയും മൂന്ന് ഡബിള്‍ സെഞ്ച്വറിയും മക്കല്ലത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
അരങ്ങേറ്റം കീപ്പറായി ആയിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി കീപ്പിങ്ങില്‍ നിന്ന് വിട്ടു നിന്നു മക്കെല്ലം. ഏകദിനത്തില്‍ 285 ക്യാച്ചും 15 സ്റ്റമ്പിങ്ങും മക്കല്ലത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 195 ക്യാച്ചും 11 സ്റ്റമ്പിങ്ങും സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മക്കല്ലം ഐപിഎല്‍ പുതിയ സീസണില്‍ പുതിയ ടീമായ രാജ്‌കോടിനു വേണ്ടി കളിക്കാനിറങ്ങും എന്നതില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല