സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്, ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി, തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന ഭേദഗതി ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ് 268 നെതിരെ 366 പേരുടെ പിന്തുണയോടെ പാസാക്കി. ഏതു സാഹചര്യത്തിലും ദേശീയ പരമാധികാരത്തിന്റെ കാവല്‍ക്കാരാകേണ്ടതു പാര്‍ലമെന്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭേദഗതി പാസാക്കിയത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി യൂറോപ്യന്‍ യൂനിയനു പുറത്തുവരാനുള്ള അന്തിമ വ്യവസ്ഥകള്‍ തയാറാക്കിയശേഷം വീണ്ടും പാര്‍ലമെന്റിന്റെ അനുമതി തേടണമെന്നതാണ് പുതിയ ഭേദഗതി. ബില്‍ ഈ മാസം 13ന് ഹൗസ് ഓഫ് കോമണ്‍സ് പരിഗണിക്കും. ബ്രെക്‌സിറ്റ് ബില്ലില്‍ ഒരാഴ്ചക്കിടെ പ്രധാനമന്ത്രി തെരേസ മേയ് നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ഈ മാസം ഒന്നിന് ഇ.യു പൗരന്മാരെ ബ്രിട്ടനില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നു നിര്‍ദേശിക്കുന്ന ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച സഭ പാസാക്കിയിരുന്നു.
ഈ ഭേദഗതി അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തീരുമാനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്റെ പ്രതികരണം. മാര്‍ച്ച് അവസാനം നടപടിക്രമങ്ങള്‍ ബ്രെക്‌സിറ്റ് ആരംഭിക്കുമെന്നായിരുന്നു മേയ് അറിയിച്ചിരുന്നത്. നേരത്തെ ബ്രെക്‌സിറ്റ് പ്രഭാഷണത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ക്ക് അനുകൂലമായ സമീപനങ്ങള്‍ കൈക്കൊള്ളില്ലെന്നും ബ്രിട്ടന്‍ ഇ.യു വിടുന്നതിനെ ഭയക്കുന്നില്ലെന്നും മേയ് പ്രഖ്യാപിച്ചിരുന്നു.
അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലും ഭേദഗതി പാസാക്കിയാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ മേയ്ക്ക് കൂടുതല്‍ സമയം വേണ്ടിവരും. അതേസമയം, ഹൗസ് ഓഫ് കോമണ്‍സില്‍ ബില്ലിനെ തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല