സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ അവതരിപ്പിച്ച ബ്രക്സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. എട്ട് നിര്‍ദേശങ്ങളാണ് പാര്‍ലമെന്റിന് മുന്‍പാകെ എത്തിയിരുന്നത്. അതിനിടെ ബ്രെക്സിറ്റ് ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് തെരേസ മെയ് അറിയിച്ചു.
പുനര്‍ ചിന്തക്കായി യൂറോപ്യന്‍ യൂണിയന് വിട്ടുപോകാനുള്ള സമയം നീട്ടിനല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി സഹകരണം, ഏപ്രില്‍ 12 ന് ഉടമ്പടിയില്ലാത്ത ബ്രെക്സിറ്റ്, ഹിത പരിശോധന, ആര്‍ടിക്കിള്‍ 50 പിന്‍വലിക്കല്‍ എന്നിങ്ങനെ എട്ട് തരത്തിലുള്ള നിര്‍ദേശങ്ങളാണ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം വോട്ടിനിട്ടതോടെ പരാജയപ്പെടുകയായിരുന്നു.
ബ്രക്സിറ്റിനായി സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ഏറ്റവും മികച്ച മാര്‍ഗമെന്ന് ബ്രക്സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലെ അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള വഴി എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ബ്രെക്സിറ്റ് ഉടമ്പടി അംഗീകരിക്കുവാന്‍ പാര്‍ലമെന്റ് തയാറായാല്‍ രാജി വയ്ക്കാമെന്ന് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. കണ്‍സര്‍വേറ്റീവ് എം.പിമാരുടെ സമ്മേളനത്തിലാണ് മെ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി കൊണ്ടുവന്ന ബ്രെക്സിറ്റ് ഉടമ്പടി നേരത്തെ രണ്ടു തവണ പാര്‍ലമെന്റ് തള്ളിയിരുന്നു.
വെള്ളിയാഴ്ച മൂന്നാമതും ഉടമ്പടി പാര്‍ലമെന്റിന് മുന്‍പാകെ അവതരിപ്പിച്ചേക്കും. ബ്രക്സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് അസ്വരാസ്യം രൂക്ഷമായതോടെ പുതിയ ഹിതപരിശോധന വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല