സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി, ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ഔദ്യോഗിക വിജ്ഞാപനം യൂറോപ്യന്‍ യൂണിയന് കൈമാറി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഒപ്പുവെച്ച ലിസ്ബന്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ഔദ്യോഗിക വിജ്ഞാപനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനു യൂനിയനിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ടിം ബോറോ കൈമാറി. അതോടൊപ്പം വിജ്ഞാപനത്തിന്റെ കോപ്പികള്‍ ഇ.യുവിലെ 27 അംഗരാജ്യങ്ങള്‍ക്കും നല്‍കും.
രണ്ടു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി 2019 മാര്‍ച്ചോടെ ബ്രിട്ടന്‍ പൂര്‍ണമായി ഇ.യു വിടും. ചരിത്ര പ്രധാനമായ ഈ യാത്രയില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മേയ് ആഹ്വാനം ചെയ്തു. ബ്രെക്‌സിറ്റാനന്തരം ഒരുപാട് വെല്ലുവിളികള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ നമുക്ക് സ്വാധീനം നഷ്ടപ്പെടും. ഇ.യുവുമായി ബ്രിട്ടീഷ് കമ്പനികള്‍ക്ക് വ്യാപാരം തുടരാന്‍ കഴിയാതെവരും. ഇതെല്ലാം നാം അനുഭവിച്ചേ മതിയാകൂ. വ്യക്തമായി പറഞ്ഞാല്‍ 2019 മാര്‍ച്ച് 29 ചിലര്‍ക്ക് സന്തോഷം പകരുന്നതും മറ്റു ചിലര്‍ക്ക് നിരാശയും സമ്മാനിക്കുന്ന ദിനമാകുമെന്ന് മേയ് സൂചിപ്പിച്ചു.
ജൂണില്‍ ഹിതപരിശോധനയെ എല്ലാവരും ഒരുപോലെയല്ല വീക്ഷിച്ചത്. ഇരുപക്ഷക്കാര്‍ക്കും അവരവരുടെ വാദഗതികളുണ്ടാകും. ജനങ്ങളുടെ ഐക്യവും പ്രൗഢചരിത്രവും ശോഭനഭാവിയുമുള്ള മഹത്തായ രാജ്യമാണ് നമ്മുടേത്. ഇപ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകുന്നതിനുള്ള നടപടികള്‍ തുടങ്ങാനുള്ള സമയമായി. ഈ അവസരത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ബ്രെക്‌സിറ്റാനന്തരം ബ്രിട്ടനെ കരുത്തുള്ള രാഷ്ട്രമായി കെട്ടിപ്പടുക്കുമെന്നും മേയ് ഉറപ്പു നല്‍കി.
ഇ.യു വിടണമെന്ന ഹിതപരിശോധനാ തീരുമാനത്തിന് ഒമ്പത് മാസത്തിന് ശേഷമാണ് നടപടി ക്രമങ്ങള്‍ ബ്രിട്ടനില്‍ ആരംഭിക്കുന്നത്. ഇനി വരാനിരിക്കുന്നത് ബ്രിട്ടനും യൂണിയനും തമ്മിലുള്ള വിലപേശലിന്റെ നാളുകളാണ്. കൂടുതല്‍ രാജ്യങ്ങള്‍ ബ്രിട്ടന്റെ വഴി തെരഞ്ഞെടുക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുമെന്നാണ് സൂചന. അതിനിടെ ബ്രെക്‌സിറ്റ് നടപടികള്‍ സംബന്ധിച്ച് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ട് പ്രതീക്ഷാവഹമല്ലെന്ന് ചൂണ്ടിക്കാട്ടി പല അംഗങ്ങളും കമ്മിറ്റിയുടെ യോഗം ബഹിഷ്‌കരിച്ചിരുന്നു.
ബ്രെക്‌സിറ്റിന് മുമ്പ് ബ്രിട്ടനിന്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വീണ്ടും ഹിതപരിശോധന നടത്താന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതും ബ്രിട്ടനിലും ബ്രെക്‌സിറ്റ് അതിന്റെ ആഘാതമേല്‍പ്പിക്കും എന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 24 നാണ് ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടന്‍ ജനത വിധിയെഴുതിയത്. ഹിതപരിശോധനനയില്‍ 51.89 ശതമാനം പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവെക്കുകയും മാസങ്ങള്‍ക്ക് ശേഷം ബ്രെക്‌സിറ്റ് വാദിയായ തെരേസ മെയ് അധികാരമേല്‍ക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങാന്‍ നിശ്ചയിച്ചെങ്കിലും യു.കെ സുപ്രീകോടതി വിധി തിരിച്ചടിയായി. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് യു.കെ സുപ്രീംകോടതി വിധിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നേടിയ ശേഷമാണ് തെരേസ മെയ് നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല