സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം. ബ്രെക്‌സിറ്റ് പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ മറികടന്ന് എംപിമാര്‍ അവതരിപ്പിച്ച ഒരു ഡസനോളം പ്രമേയങ്ങളില്‍ ഒന്നുപോലും പാസായില്ല. ഇതിനിടെ, ഇതുപാസാക്കിയാല്‍ രാജിവച്ചുകൊള്ളാം എന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാര്‍ ഇന്ന് പാര്‍ലമെന്റില്‍ വോട്ടിനിട്ടേക്കും.
യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറില്ലാതെ പിന്മാറുക, ബ്രെക്‌സിറ്റ് നടപ്പാക്കുക – എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഉപേക്ഷിക്കുക തുടങ്ങി ഒട്ടേറെ പ്രമേയങ്ങളാണ് വോട്ടിനു വന്നത്. ഇതില്‍ ബ്രെക്‌സിറ്റ് നടപ്പാക്കിയാലും കസ്റ്റംസ്–വിപണി രംഗങ്ങളില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുക എന്ന നിര്‍ദേശത്തിനാണ് ഏറ്റവുമധികം പിന്തുണ ലഭിച്ചത്. എങ്കിലും ഈ പ്രമേയം വെറും എട്ടു വോട്ടിനു പരാജയപ്പെട്ടു.
കഴിഞ്ഞ രണ്ട് പ്രവശ്യവും തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റ് തള്ളിയിരുന്നു. എം.പിമാര്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പിന്തുണക്കുകയാണെങ്കില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് തെരേസ മേ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനം വന്നതോടെ, കരാറിന് പിന്തുണ കൂടിയിട്ടുണ്ട്. എങ്കിലും വിജയിക്കാനുള്ള വോട്ടുകള്‍ ലഭിക്കുമോ എന്നുറപ്പില്ല.
മൂന്നാമത് കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ ബ്രെക്‌സിറ്റ് തീയതി മേയ് 22 വരെ നീട്ടാനാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം നല്‍കിയിട്ടുള്ളത്. പാര്‍ലമെന്റ് വീണ്ടും കരാര്‍ തള്ളുകയാണെങ്കില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഏപ്രില്‍ 12 വരെ മാത്രമേ സമയമുണ്ടാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല