സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലിമെന്റ്; വിമത ടോറി എംപിമാരുടെ എതിര്‍പ്പിനെ മറികടന്ന് തെരേസാ മേയുടെ തന്ത്രം; രാജ്ഞിയുടെ അംഗീകാരം അവസാന കടമ്പ. വിമത ടോറി എംപിമാര്‍ ഉയര്‍ത്തിയ കലാപത്തെ ഒതുക്കാന്‍ പ്രധാനമന്ത്രി തെരേസാ മേയ് അവസാന തുറപ്പുചീട്ടിറക്കിയപ്പോള്‍ 303 നെതിരെ 319 വോട്ടിനാണ് ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് കടമ്പ കടന്നത്.
ബ്രെക്‌സിറ്റില്‍ നോ ഡീല്‍ സാഹചര്യമുണ്ടായാല്‍ എംപിമാര്‍ക്ക് ഇടപെടാനും വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള അര്‍ഥവത്തായ നടപടികള്‍ സ്വീകരിക്കാനും കഴിയുമെന്ന് തെരേസാ മേയ് ഉറപ്പു നല്‍കിയതാണ് ബില്‍ പാസാകാന്‍ കാരണം. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥ ഡൊമനിക് ഗ്രീവ് ഉള്‍പ്പെടെയുള്ള പ്രമുഖ വിമത നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നുമയച്ച ഭേദഗതികള്‍ സഹിതമുള്ള ബില്ലാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പാസാക്കിയിരിക്കുന്നത്. ഇതോടെ ബില്‍ അവസാന കടമ്പയായ രാജ്ഞിയുടെ അംഗീകാരത്തിനായി അയക്കും. രാജ്ഞി അംഗീകരിക്കുന്നതോടെ ബ്രെക്‌സിറ്റ് ബില്‍ നിയമമായി മാറും.
ഇരുപക്ഷവും ഇത് തങ്ങളുടെ വിജയമാണെന്ന് പ്രതികരിച്ചു. സുഗമമായ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള നിര്‍ണായകമായ ചുവടുവെപ്പ് എന്നാല്‍ ബില്‍ പാസായതിനെ പ്രധാനമന്ത്രി തെരേസാ മേയ് വിശേഷിപ്പിച്ചത്. യൂറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ ഭാവി ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ഒരു ധവളപത്രത്തിലൂടെ പുറത്തുവിടുമെന്നും ട്രേഡ്, കസ്റ്റംസ് ബില്ലുകള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വീണ്ടും അവതരിപ്പിക്കുമെന്നും തെരേസാ മേയ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല