സ്വന്തം ലേഖകന്‍: ഭേദഗതികള്‍ അംഗീകരിച്ചില്ല, ബ്രെക്‌സിറ്റ് ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സും പാസാക്കി, പ്രധാന കടമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍. രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനാല്‍ ഉടന്‍ നിയമമാകും. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ആര്‍ട്ടിക്കിള്‍ 50 നടപടികളുമായി തെരേസാ മേയ് സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനും വഴിതെളിഞ്ഞു.
ബ്രെക്‌സിറ്റ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്ന സുപ്രീം കോടതി വിധിയാണ് സര്‍ക്കാരിന് തിരിച്ചടിയായത്. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ഭേദഗതി നിര്‍ദേശങ്ങള്‍ പാസാക്കിയതും സര്‍ക്കാരിന് പ്രതികൂലമായി. തുടര്‍ന്നാണ് ഹൗസ് ഓഫ് കോമണ്‍സ് ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളി ബില്‍ തിരിച്ചയച്ചത്.
തുടര്‍ന്ന് ഭേദഗതി നിര്‍ദ്ദേശങ്ങളുമായി ബില്‍ വീണ്ടും അയച്ച് ഭരണ പ്രതിസന്ധി സൃഷ്ടിക്കാതെ പ്രഭുസഭ ബില്‍ പാസാക്കി. ഹൗസ് ഓഫ് കോമണ്‍സില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു ഉപരിസഭയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബില്‍ പരിഷ്‌കരിക്കേണ്ടതില്ലെന്ന് എംപിമാര്‍ തീരുമാനിച്ചത്.
നിലവില്‍ ബ്രിട്ടണിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു പ്രഭുസഭ പാസാക്കിയ ഒന്നാമത്തെ ഭേദഗതി. രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി.
ബില്‍ ഇരു സഭകളിലും പാസാക്കാന്‍ സാധിച്ചതോടെ പാര്‍ലമെന്റിനെ മറികടന്ന് ബ്രക്‌സിറ്റ് നടപ്പിലാക്കരുത് എന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാനായതും തേരേസാ മേയ് സര്‍ക്കാരിന് നേട്ടമായി. ബില്ലിനു രാജ്ഞിയുടെ അനുമതി ലഭിച്ച ശേഷം ഈമാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല