സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ പച്ചക്കൊടി; കടുത്ത കടുമ്പ കടന്ന് തെരേസാ മേയ് സര്‍ക്കാര്‍ ബില്ലുമായി പ്രഭു സഭയിലേക്ക്. യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോരാനുളള ബ്രെക്സിറ്റ് ബില്ലിനു ബ്രിട്ടിഷ് ജനപ്രതിനിധി സഭ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു അനുമതി നല്‍കിയത്. ഇനി പ്രഭുസഭയുടെ അംഗീകാരം കൂടി നേടണം.
പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു ഭൂരിപക്ഷമില്ലാത്ത പ്രഭുസഭയ്ക്കു മുന്‍പാകെ ഈ മാസം 30 നാണു ബില്‍ എത്തുക.യൂറോപ്യന്‍ യൂണിയന് അനുകൂലമായ നിലപാടുള്ള പ്രഭുസഭ ബില്ലില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടേക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറാന് ബ്രിട്ടനെ സജ്ജമാക്കുന്നതിനുള്ള നിയമനിര്‍മാണത്തിനു തെരേസ മേയുടെ സര്‍ക്കാര്‍ കടക്കേണ്ട വിവിധ കടമ്പകളിലൊന്നാണ് ഇപ്പോഴത്തെ ബില്‍.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 11 അംഗങ്ങള്‍ ബില്‍ ഭേദഗതികള്‍ക്കായി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയാണു ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന മറ്റൊരു കക്ഷി. എംപിമാര്‍ അഞ്ഞൂറിലേറെ ഭേദഗതികളാണു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കരടു ബില്‍ പാസാക്കിയത് 295 നെതിരെ 324 വോട്ടുകള്‍ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല