സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബില്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് അടുത്ത തിരിച്ചടി; നോ ഡീലിന് അനുമതി തേടിയുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പരാജയപ്പെടുത്തി; ബ്രിട്ടനില്‍ അനിശ്ചിതത്വം രൂക്ഷമാകുന്നു. ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി. നോ ഡീലിന് അനുമതി തേടി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭേദഗതികളോടെ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ തള്ളിയതിന് പിന്നാലെയാണ് നോ ഡീലും പാര്‍ലമെന്റ് നിരാകരിച്ചത്.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതോടെയാണ് തെരേസ മേ, നോ ഡീല്‍ എന്ന അടുത്ത സാധ്യത തേടിയത്. എന്നാല്‍ ഈ നീക്കത്തെയും പാര്‍ലമെന്റ് തള്ളി. 278നെതിരെ 321വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നോ ഡീലിനെ നിരാകരിച്ചത്. യൂറോപ്യന്‍ യൂണിയനുമായി ഒരു തരത്തിലുള്ള ബാധ്യതയുമില്ലാതെ ബ്രെക്സിറ്റ് നീങ്ങുന്നതാണ് നോ ഡീല്‍. ഇങ്ങനെ പുറത്ത് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖല അസ്ഥിരമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തത്.
നോ ഡീലിന് അനുമതി കിട്ടാത്ത സാഹചര്യത്തില്‍ ഒരു വോട്ടെടുപ്പ് കൂടി പാര്‍ലമെന്റില്‍ നടക്കും. ബ്രെക്സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയുള്ള വോട്ടെടുപ്പാണ് നടക്കുക. ഇതിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്കിയാലും യൂറോപ്യന്‍ യൂണിയനിലെ അംഗ രാഷ്ട്രങ്ങളുടെ കൂടി അനുമതി വേണ്ടിവരും. എന്നാല്‍ ഈ ശ്രമത്തോട് എങ്ങനെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികരിക്കുക എന്നതും ശ്രദ്ധേയമാകും.
മേയ് അവതരിപ്പിച്ച ബ്രെക്സിറ്റ് പദ്ധതി രണ്ടാംവട്ടവും പാര്‍ലമെന്റ് നിരാകരിച്ചതിനെത്തുടര്‍ന്ന് മേയുടെ നില പരിങ്ങലിലായി. ബ്രെക്സിറ്റ് എന്ന് എങ്ങനെ നടപ്പാക്കാനാവുമെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത നിലയാണ്. ബ്രിട്ടനില്‍ തെരഞ്ഞെടുപ്പിനു സാധ്യതയേറിയെന്നു ചില രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. ബ്രെക്സിറ്റ് തീയതി നീട്ടണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ ബാക്കി 27 രാജ്യങ്ങളുടെ സമ്മതം കൂടി നേടേണ്ടതുണ്ട്. നിലവിലെ നിശ്ചയ പ്രകാരം മാര്‍ച്ച് 29നാണു ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടേണ്ടത്. നേരത്തേയുണ്ടാക്കിയ കരാറില്‍ നിന്ന് കൂടുതലായി എന്തെങ്കിലും ആനുകൂല്യങ്ങള്‍ ബ്രിട്ടന് പ്രതീക്ഷിക്കേണ്ട എന്നാണു ഇയുവിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല