സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വീണ്ടും കലമുടച്ചു; ഇത്തവണ പരാജയം 242 നെതിരേ 391 വോട്ടുകള്‍ക്ക്; തെരേസാ മേയ് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെടുന്നത്.
242 നെതിരെ 391 വോട്ടുകള്‍ക്കാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയത്. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച കരാര്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അതേസമയം ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് വിടണമോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
ഈ വോട്ടിലും ഗവണ്മെന്റ് പക്ഷം പരാജയപ്പെടുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി രാജിവയ്ക്കുകയോ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടീഷ് പിന്മാറ്റം നീട്ടിവയ്ക്കുകയോ ചെയ്യേണ്ടിവരും. ജനുവരിയില്‍ എംപിമാര്‍ തള്ളിയ അതേ കരാറാണു വീണ്ടും സഭയില്‍ വച്ചതെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറിമി കോര്ബിന് ആവശ്യപ്പെട്ടു.
തെരേസ മേയുടെ കക്ഷിയായ കണ്സര്വറ്റീവ് പാര്‍ട്ടിയിലെ തീവ്ര ബ്രെക്സിറ്റ് വാദികളും കരാറിലെ ചില വ്യവസ്ഥകളെ ശക്തമായി എതിര്‍ത്തു. യൂറോപ്യന്‍ യൂണിയന് രാജ്യമായ ഐറിഷ് റിപ്പബ്ലിക്കിനും ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിനുമിടയില്‍ അതിര്‍ത്തി തിരിക്കാന്‍ പാടില്ലെന്നു കരാറുള്ളതാണു പ്രധാന തര്‍ക്കവിഷയം. ഈ മാസം 29 നാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല