സ്വന്തം ലേഖകന്‍: സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ ഉറച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബ്രെക്‌സിറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ നടന്നില്ലെങ്കില്‍ പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന് തനിക്കെതിരെ നീങ്ങുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാര്‍ലമെന്റ് നടപടികള്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള ജോണ്‍സന്റെ നീക്കത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. കരാറോടെയോ കരാര്‍ ഇല്ലാതെയോ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ അനുവദിച്ചിട്ടുള്ള സമയപരിധി അടുത്ത മാസം 31 ആണ്. പാര്‍ലമെന്റ് നടപടി സസ്‌പെന്‍ഡ് ചെയ്യാനുള്ള ജോണ്‍സന്റെ നടപടിയില്‍ പ്രതിഷേധിച്ച് 30 നഗരങ്ങളില്‍ ആയിരങ്ങള്‍ പ്രകടനം നടത്തി.
ബ്രെക്‌സിറ്റ് കരാറില്‍ ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ വിട്ടുവീഴ്ച വേണമെന്ന ബ്രിട്ടന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ തള്ളിയിരുന്നു. ബ്രിട്ടനു ദോഷകരമായ ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ശഠിക്കുന്നു. ഈ മാസം 9ന് പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഇതിനെച്ചൊല്ലി കടുത്ത അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്.
കരാറില്ലാ ബ്രെക്‌സിറ്റ് തടയുമെന്നും ബ്രെക്‌സിറ്റിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഒരു വിഭാഗവും കരാറില്ലാ ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നു. ജോണ്‍സന്റെ നീക്കത്തെ എതിര്‍ക്കുന്ന ടോറി എംപിമാരെ അയോഗ്യരാക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിയമ നിര്‍മാണത്തിനൊരുങ്ങി എം.പിമാര്‍. പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണ പക്ഷത്തുള്ള കണ്‍സര്‍വേറ്റീവ് എം.പിമാരും ഈ നീക്കത്തിന് പിന്തുണ നല്‍കുമെന്നാണ് സൂചന. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് ബോറിസ് ജോണ്‍സണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല