സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ സമ്പൂര്‍ണ ആശയക്കുഴപ്പത്തിലേക്ക്; പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്; സ്വന്തം പാര്‍ട്ടിയിലും പിന്തുണ നഷ്ടമായ മേയുടെ നില പരുങ്ങലില്‍. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പിന്തുണ പാര്‍ലമെന്റില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ മാര്‍ച്ച് 29 ല്‍ നിന്നും നീട്ടിയ പശ്ചാത്തലത്തിലാണ് മേയുടെ തുറന്നുപറച്ചില്‍.
ബ്രക്‌സിറ്റിന് അംഗീകാരം നല്‍കാനുള്ള രണ്ട് വോട്ടെടുപ്പ് പരാജയപ്പെടുകയും മൂന്നാമത് വോട്ടെടുപ്പ് നടക്കാനും ഇരിക്കെയാണ് തെരേസ മേയ് യുടെ പാര്‍ലമെന്റിലെ പ്രസ്താവന. മാര്‍ച്ച് 29 ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ജനുവരി 15 ന് നടന്ന വോട്ടെടുപ്പില്‍ 230 വോട്ടിനും മാര്‍ച്ച് 12 നടന്ന വോട്ടെടുപ്പില്‍ 149 വോട്ടിനും ഇത് സംബന്ധിച്ച പ്രമേയം പരാജയപ്പെടുകയായിരുന്നു.
പുതിയ സാഹചര്യത്തില്‍ ബ്രക്‌സിറ്റ് നടപടികള്‍ ഏപ്രില്‍ 12 ലേക്ക് നീട്ടുന്നതിന് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തീരുമാനമായിരുന്നു. ഇതിനോടകം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ മെയ് 22 നായിരിക്കും ബ്രക്‌സിറ്റ് വീണ്ടും പരിഗണിക്കപ്പെടുക. ഇതിനോടകം യൂറോപ്യന്‍ യൂണിയന്റ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ കടുത്ത വെല്ലുവിളിയാണ് തെരേസ മേയ് നേരിടുന്നത്. ബ്രക്‌സിറ്റ് നടപ്പിലാകാത്ത പക്ഷം അത് തെരേസ മെയുടെ രാജിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ ബ്രെക്‌സിറ്റ് കുരുക്കില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സ്വന്തം പാര്‍ട്ടിയുടെ വിശ്വാസവും നഷ്ടമായതോടെ ബ്രിട്ടിഷ് രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക്. മേ രാജിവയ്ക്കണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തില്‍ മുഴങ്ങി. രണ്ടു തവണ പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഇന്ന് പാര്‍ലമെന്റില്‍ നടക്കുന്ന നിര്‍ണായക വോട്ട് മേയുടെ ഭാവി തീരുമാനിക്കും.
ഇതേസമയം, കരാറില്ലാതെ ഏപ്രില്‍ 12 നു തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വേര്‍പിരിയുമെന്ന നിഗമനത്തില്‍ എല്ലാ തയാറെടുപ്പും നടത്തിയതായി യൂറോപ്യന്‍ കമ്മിഷന്‍ അറിയിച്ചു. 2016 ല്‍ ഹിതപരിശോധന കഴിഞ്ഞ് 3 വര്‍ഷം പിന്നിട്ടിട്ടും അനിശ്ചിതത്വവും അവ്യക്തതയും ബാക്കിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല