സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ്; രാജ്യത്തിന് ഇതുവരെ നഷ്ടം 6600 കോടി പൗണ്ട്; അനിശ്ചിതത്വം തുടര്‍ന്നാല്‍ ഉണ്ടാകുക കരകയറാനാകാത്ത നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് ഇനിയും നടപ്പായിട്ടില്ലെങ്കിലും ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയ്ക്ക് ബ്രെക്സിറ്റ് ഭീഷണി കനത്ത ആഘാതമാണു വരുത്തിവച്ചിരിക്കുന്നത് .2016ല്‍ ബ്രെക്സിറ്റ് ഹിതപരിശോധന പാസായതു മുതല്‍ ഇതുവരെ 6600കോടി പൗണ്ടിന്റെ നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്.
ജിഡിപിയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പൂവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അനിശ്ചിതത്വവും ബിസിനസ് സ്ഥാപനങ്ങളുടെ താത്പര്യക്കുറവുമെല്ലാം ഇതിനു കാരണങ്ങളാണ്. ബ്രിട്ടീഷ് പൗണ്ടിനു മൂല്യം കുറഞ്ഞപ്പോള്‍ നാണയപ്പെരുപ്പം കൂടി.
ആഴ്ചയില്‍ 60 കോടി പൗണ്ടിന്റെ നഷ്ടമാണ് നിക്ഷേപക ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സ് കണക്കാക്കുന്നത്. പ്രതിവര്‍ഷം നാലായിരം കോടി പൗണ്ടിന്റെ നഷ്ടമുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ അനുമാനം. കരാറില്ലാതെയുള്ള ബ്രെക്സിറ്റ് നടപ്പായാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാമെന്ന ആശങ്കയില്‍ പതിനായിരം പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
ചില വിഭാഗം പോലീസുകാരുടെ അവധി റദ്ദാക്കിയിട്ടുമുണ്ട്. പൊതുജനരോഷം ആളിക്കത്തിക്കുന്ന വിധത്തിലുള്ള സംസാരം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും പ്രചാരകരും ശ്രദ്ധിക്കണമെന്ന് നാഷണല്‍ പോലീസ് ചീഫ്സ് കൗണ്‍സില്‍ ചെയര്മാന് മാര്ട്ടിന് ഹെവിറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല