1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2023

സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീരുമാനത്തിൻ്റെ ഗുണഫലങ്ങൾ യുകെ സമ്പദ്വ്യവസ്ഥയിൽ പതിയെ പ്രതിഫലിച്ച് തുടങ്ങുന്നതായി കണക്കുകൾ. വരും വര്‍ഷങ്ങളില്‍ ബ്രിട്ടന്റെ സമ്പദ്ഘടന ജര്‍മ്മനിയുടേതിനെ കവച്ചു വയ്ക്കാന്‍ ഒരുങ്ങുകയാണ്. മന്ദഗതിയില്‍ വളരുന്ന യൂറോസോണ്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച പുറകോട്ട് വലിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ആയ യു ബി എസ് പറയുന്നത് യൂറോപ്പിലെ വന്‍ സാമ്പത്തിക ശക്തിയുടെ വളര്‍ച്ച 2024 ല്‍ 0.5 ശതമാനം മാത്രമായിരിക്കും എന്നാണ്. അതിനടുത്ത വര്‍ഷം 0.8 ശതമാനവും.

ഇതിന് നേരെ വിപരീതമായി ബ്രിട്ടന്റെ വരുന്ന വര്‍ഷത്തെ വളര്‍ച്ച 0.6 ശതമാനവും തൊട്ടടുത്ത വര്‍ഷം 1.5 ശതമാനവും ആയിരിക്കുമെന്നും അവര്‍ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചതിലും വേഗത്തില്‍ പണപ്പെരുപ്പം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഈ പ്രവചനം. അതേസമയം, 2025 ല്‍ യൂറോസോണിന്റെ സാമ്പത്തിക വളര്‍ച്ച 1.25 ശതമാനമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

അത് മാത്രമല്ല, 2026- ല്‍ ബ്രിട്ടീഷ് സമ്പദ്ഘടന 1.3 ശതമാനം വളരുമെന്നും യു ബി എസ് പറയുന്നു. ഇക്കാലയളവില്‍ യൂറോസോണിന്റെ വളര്‍ച്ച 1.1 ശതമാനവും ജര്‍മ്മനിയുടെത് 0.9 ശതമാനവും മാത്രമായിരിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പലിശ നിരക്ക് നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി കുറയും എന്ന ആത്മവിശ്വാസം വ്യാപാര-വ്യവസായ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ചൈനയില്‍ നിന്നുള്ള ആവശ്യകതയില്‍ കുറവു വന്നതോടെ ജര്‍മ്മന്‍ ഉദ്പാദന മേഖല ദുര്‍ബലമായിരിക്കുകയാണ്. മാത്രമല്ല, ഊര്‍ജ്ജ പ്രതിസന്ധി, ഊര്‍ജ്ജോപയോഗം ധാരാളമുള്ള ഉദ്പാദനമേഖലയിലെ ഉദ്പാദനം മന്ദഗതിയിലാക്കുകയും ചെയ്തു. ഇതിന് നേരെ വിപരീതമായി അതിവേഗം താഴുന്ന പണപ്പെരുപ്പം ബ്രിട്ടനെ കൂടുതല്‍ സഹായിക്കും. 2028 വരെ എല്ലാ വര്‍ഷവും ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് ജര്‍മ്മനിയുടേതിനേക്കാളും, യൂറോസോണിനേക്കാളും കൂടുതലായിരിക്കുമെന്നാണ് ഐ എം എഫും പ്രവചിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയില്‍ ഇടിവുണ്ടായെങ്കിലും 2024 അവസാനത്തോടെ കുതിപ്പ് ദൃശ്യമാകും എന്നാണ് ഡോയ്ചെ ബാങ്കിലെ സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ സഞ്ജയ് രാജ പറയുന്നത്. സാമ്പത്തിക മാന്ദ്യത്തെ തടയാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ബ്രിട്ടന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനൊപ്പം തന്നെ തുടര്‍ച്ചയായ വേതന വര്‍ദ്ധനവും ദൃശ്യമാവുകയാണ്. ഇത് നല്ലൊരു ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.