സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം അടുത്ത മാസം രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബര്‍ 14നു വീണ്ടും ചേരാനും തീരുമാനം. സമ്മേളനം നേരത്തേ അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തിന് എലിസബത്ത് രാജ്ഞി അനുമതി നല്‍കി.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ‘ബ്രെക്‌സിറ്റ്’ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെ, അടുത്ത സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ക്ക് രണ്ടാഴ്ചയേ സമയം ബാക്കിയുള്ളൂ. കരാറില്ലാതെ ‘ബ്രെക്‌സിറ്റ്’ നടപ്പിലാക്കേണ്ടി വന്നാല്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമാണിതെന്നാണു വിമര്‍ശനം.
ഒക്ടോബര്‍ 31നു തന്നെ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുമെന്ന തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറച്ചതിനെതിരെ രാജ്യത്തു വ്യാപക പ്രതിഷേധം. ബ്രിട്ടന്‍ ഇയുവില്‍ തുടരണമെന്നു വാദിക്കുന്നവര്‍ മാത്രമല്ല, ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ പോലും പ്രധാനമന്ത്രിയുടെ നീക്കത്തെ ‘അട്ടിമറി’യെന്നു വിശേഷിപ്പിച്ചു.
നടപടിയില്‍ പ്രതിഷേധിച്ചു സര്‍ക്കാര്‍ ചീഫ് വിപ്പ് ജോര്‍ജ് യങ്ങും സ്‌കോട്‌ലന്‍ഡിലെ കണ്‍സര്‍വേറ്റിവ് നേതാവ് റൂത് ഡേവിഡ്‌സനും രാജി വച്ചു. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഇന്ത്യന്‍ വംശജയായ നിയമ ആക്ടിവിസ്റ്റ് ജിന മില്ലര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 29നു ബ്രെക്‌സിറ്റ് ഔദ്യോഗിക നടപടികള്‍ക്കു തുടക്കമിടാനായിരുന്നു മുന്‍ പ്രധാനമന്ത്രി തെരേസ മേയും ഇയുവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം ആദ്യം ധാരണയായത്. പക്ഷേ, ചില വിവാദ നിര്‍ദേശങ്ങളിലുടക്കി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ 3 പ്രാവശ്യം കരടു കരാര്‍ പരാജയപ്പെട്ടു. തുടര്‍ന്നാണ് ഒക്ടോബര്‍ 31 വരെ ഇയു സമയം നീട്ടിക്കൊടുത്തത്. ഇതിനിടെയാണു തെരേസ മേ രാജിവച്ചതും ബോറിസ് ജോണ്‍സന്‍ പുതിയ പ്രധാനമന്ത്രിയായതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല