
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്ന് ബ്രിട്ടൻ പിരിയുമോ (ബ്രെക്സിറ്റ്) എന്ന് ഇന്നറിയാം. യൂറോപ്യൻ യൂണിയന് സമർപ്പിച്ച അന്തിമ ബ്രെക്സിറ്റ് കരാറിൽ ഇന്നത്തെ അസാധാരണ ശനിയാഴ്ച സമ്മേളനത്തിൽ ബ്രിട്ടിഷ് പാർലമെന്റ് വോട്ടെടുപ്പു നടത്തും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ താൽപര്യപ്പെടുന്നതുപോലെ ഈ മാസം 31 എന്ന അവസാന തീയതിക്കു മുൻപ് ബ്രെക്സിറ്റ് യാഥാർഥ്യമാകും.
സ്വന്തം പാർട്ടിക്കാരുടേതുൾപ്പെടെ പിന്തുണ തേടി ജോൺസൻ എല്ലാ ശ്രമവും നടത്തുന്നു. പുതിയ കരാർ വടക്കൻ അയർലൻഡിന്റെ താൽപര്യങ്ങൾക്കെതിരായതിനാൽ ഭരണസഖ്യത്തിലെ ഐറിഷ് ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) എതിർത്തു വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ ലേബർ പാർട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളിൽ പ്രതീക്ഷയർപ്പിച്ചാണ് ജോൺസൻ കരുനീക്കുന്നത്.
പുതിയ കരാറോ, കറാറില്ലാത്ത പിരിയലോ പാർലമെന്റ് അംഗീകരിക്കുന്നില്ലെങ്കിൽ നേരത്തെ പാസാക്കിയ ബെൻ ആക്ട് അനുസരിച്ച് പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനോട് ബ്രെക്സിറ്റിന് 3 മാസ സാവകാശം തേടാൻ നിർബന്ധിതനാകും. കരാർ പാർലമെന്റ് അംഗീകരിച്ചാൽ പിൻവാങ്ങൽ കരാർ ബിൽ അവതരിപ്പിച്ച് നിയമമാക്കിയെടുക്കേണ്ടതുണ്ട്. 31നകം ഇതു സാധ്യമായില്ലെങ്കിൽ കരാറില്ലാ ബ്രെക്സിറ്റ് നടപ്പാകും.
കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടുന്നതിൽ മുൻഗാമി തെരേസ മേ 3 തവണ പരാജയപ്പെട്ടിടത്ത് വിജയിക്കുമെന്ന അമിതവിശ്വാസത്തിലാണ് ജോൺസൻ. ഇപ്പോഴത്തെ കരാറിന് യൂറോപ്യൻ യൂണിയന്റെ അനുമതി നേടാനായത് ജോൺസന് പ്രചോദനമാകുന്നു.
ജോൺസന്റെ കൺസർവേറ്റിവ് പാർട്ടിക്ക് 650 അംഗ ജനപ്രതിനിധി സഭയിൽ 288 അംഗങ്ങളാണുള്ളത്.
സർക്കാരിനെതിരെ വോട്ടു ചെയ്തതിന് നേരത്തെ പുറത്താക്കിയ 21 എംപിമാരെ വശത്താക്കാനും ശ്രമം ഊർജിതം. ഡിയുപിയെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടരുന്നു. പ്രതിപക്ഷ ലേബർ പാർട്ടിക്ക് 244 എംപിമാരാണുള്ളത്. ഇതിൽ ഇരുപതോളം പേർ ബ്രെക്സിറ്റ് അനുകൂലികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല