സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; ഇയു പൊതുവിപണിയില്‍ തുടര്‍ന്നു കൊണ്ടുള്ള പുറത്തുപോകലിന് പിന്തുണയേറുന്നു; നോര്‍വെയുടെ മാതൃക പിന്തുടരണമെന്ന് ആവശ്യം. യൂറോപ്യന്‍ പൊതുവിപണിയില്‍ തുടര്‍ന്നുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകുക എന്ന നിര്‍ദേശത്തിനു ബ്രിട്ടനില്‍ പിന്തുണ കൂടുന്നു. നോര്‍വേയുടെ മാതൃകയിലുള്ള ഒരു ബ്രെക്‌സിറ്റാണ് ഇതുവഴി വിഭാവന ചെയ്യുന്നത്. ഇതടക്കമുള്ള എട്ടു വ്യത്യസ്ത ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്നലെ ചര്‍ച്ച ചെയ്തു.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നിക്ക് ബോള്‍സ് ആണ് കോമണ്‍ മാര്‍ക്കറ്റ് 2.0 എന്ന പേരിലുള്ള ബദല്‍ ബ്രെക്‌സിറ്റിനുള്ള പ്രമേയം മുന്നോട്ടുവച്ചത്. യൂറോപ്യന്‍ പൊതുവിപണിയില്‍ അഥവാ കസ്റ്റംസ് യൂണിയനില്‍ തുടരുക എന്നത് കടുത്ത ബ്രെക്‌സിറ്റുകാര്‍ക്കു സ്വീകാര്യമല്ല. അതിനെ അനുകൂലിച്ചു വോട്ട് ചെയ്യുമെന്നു പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അറിയിച്ചു.
പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാറുകള്‍ എല്ലാം പാര്‍ലമെന്റ് തള്ളിക്കളഞ്ഞിരുന്നു. കരാര്‍ സ്വീകരിച്ചാല്‍ താന്‍ രാജിവയ്ക്കാമെന്നു മേ പറഞ്ഞിട്ടും പാര്‍ലമെന്റ് വഴങ്ങിയില്ല. കരാര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഈ മാസം 12 വരെയേ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരൂ എന്നാണ് അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 29 ആയിരുന്നു ആദ്യ തീയതി. രണ്ടാഴ്ച കൂടി സമയം തേടിയപ്പോഴാണ് ഏപ്രില്‍ 12 ആക്കിയത്. കരാര്‍ ഇല്ലാതെ പുറത്തുപോയാല്‍ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല