1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

 

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം കമ്പനികള്‍ക്ക് ബ്രിട്ടനോടുള്ള പ്രിയം കുറയുമെന്ന് റിപ്പോര്‍ട്ട്, ജര്‍മനിക്കും നെതര്‍ലന്‍ഡിനും പ്രിയമേറുന്നു. ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ബ്രെക്‌സിറ്റ് വിലപേശല്‍ പ്രക്രിയ അടുത്ത മാസം അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് യൂറോപ്യന്‍ യൂണിയനുമായി തുടനാനിരിക്കെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ പതിയെ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചു നടാനുള്ള ഒരുക്കത്തിലാണ് പ്രമുഖ കമ്പനികള്‍.

വ്യവസായികളില്‍ ഭൂരിപക്ഷവും ചുവടുമാറ്റാന്‍ ആഗ്രഹിക്കുന്നത് ജര്‍മനിയിലേക്കാണെന്നാണ് സൂചന. യുകെയില്‍നിന്നു പിന്‍വാങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ 54 ശതമാനവും ജര്‍മനിയെ പുതിയ ആസ്ഥാനമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു ചില കമ്പനികളാട്ടെ യൂറോപ്പ് തന്നെ വിട്ട് ഏഷ്യയിലേക്കോ അമേരിക്കയിലേക്കോ മാറാനുള്ള തയ്യാറെടുപ്പിലുമാണ്.

ജര്‍മനി കഴിഞ്ഞാല്‍ കമ്പനികളുടെ അടുത്ത പ്രിയപ്പെട്ട രാജ്യം നെതര്‍ലന്‍ഡാണ്. 33 ശതമാനം കമ്പനികളാണ് നെതര്‍ലന്‍ഡിനോട് താത്പര്യം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രെക്‌സിറ്റു ശേഷം ഒറ്റക്കു മുന്നേറാന്‍ പോകുന്ന ബ്രിട്ടനില്‍ തുടരുക 56 ശതമാനം കമ്പനികള്‍ മാത്രമായിരിക്കുമെന്നാണ് സൂചന. ഇവരില്‍ 21 ശതമാനം ബ്രെക്‌സിനു ശേഷമുള്ള രാജ്യത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുക.

കമ്പനികള്‍ വിട്ടുപോകുന്നതുള്‍പ്പെടെ നിരവധി വെല്ലുവെളികളാണ് വിലപേശല്‍ ആരംഭിക്കാനിരിക്കുന്ന തെരേസാ മേയ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് നഷ്ടപരിഹാരമായി യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന 5000 കോടി പൗണ്ട് നഷ്ടപരിഹാരമാണ് അതില്‍ പ്രധാനം. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 13,000 കോടി പൗണ്ട് ആസ്തിയുടെ ബ്രിട്ടന്റെ വീതം ചോദിച്ചു വാങ്ങാനാണ് തെരേസാ മേയുടെ ലക്ഷ്യം.

യൂറോപ്യന്‍ യൂണിയന് 130 ബില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് ഇന്‍ഡിപെന്‍ഡന്റി ബ്രസല്‍സ് ഉന്നതാധികാര സമിതിയായ ബ്രുഗെല്‍ കണക്കാക്കിയിരിക്കുന്നത്. പണം, പ്രോപ്പര്‍ട്ടി, മറ്റ് ഫിനാല്‍ഷ്യല്‍ അസെറ്റുകള്‍ എന്നീ ഇനങ്ങളില്‍ യൂണിയന്റെ പക്കലുള്ളത് 41 ബില്യണ്‍ യൂറോയാണ്. 56 ബില്യണ്‍ യൂറോ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ച ലോണുകളായുമുണ്ട്. യൂണിയന്റെ പക്കലുള്ള ഈ വസ്തുവകകളുടെ വിഹിതം നിര്‍ബന്ധമായും ബ്രെക്‌സിറ്റ് വിലപേശലില്‍ നേടിയെടുക്കാന്‍ തെരേസാ മേയ്ക്കു മേല്‍ കനത്ത സമ്മര്‍ദ്ദമാണുള്ളത്.

യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലേക്ക് സംഭാവന്‍ നല്‍കുന്നവരില്‍ രണ്ടാം സ്ഥാനത്താണ് ബ്രിട്ടന്‍. ബ്രിട്ടന് ഏതാണ്ട് 20 ബില്യണ്‍ യൂറോയുടെ വസ്തുവകകളില്‍ അവകാശമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ യൂണിയന്‍ ഇത് സമ്മതിച്ചു കൊടുക്കാന്‍ സാധ്യത കുറവായതിനാല്‍ വിലപേശല്‍ ഇരു കക്ഷികള്‍ക്കും സുഗമമാകില്ല എന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.