സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരടക്കമുള്ള ബ്രിട്ടീഷ് എം.പിമാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസമാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തടയാനുള്ള ബില്ല് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയത് . എലിസബത്ത് രാജ്ഞി ഒപ്പിട്ട് തിങ്കളാഴ്ച നിയമമാകും. നിയമവിദഗ്ധരുടെ സംഘം രൂപീകരിച്ച് ഉപാധിരഹിത ബ്രെക്‌സിറ്റിനെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. ഒക്ടോബര്‍ 31നകം യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താനായില്ലെങ്കില്‍ സമയം നീട്ടി ചോദിക്കാന്‍ ബോറിസ് ജോണ്‍സനെ സമ്മര്‍ദത്തിലാക്കുന്നതാണ് ഉപരിസഭ പാസാക്കിയ ബില്‍.
ഒക്ടോബര്‍ 31നകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നാണ് ബോറിസ് ജോണ്‍സന്റെ നിലപാട്. ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യാതൊരു സാധ്യതയില്ലെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. കാലതാമസം ആവശ്യപ്പെടുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞതും ബോറിസിനെതിരായ വികാരം ശക്തമാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിനും തിരിച്ചടി നേരിട്ടിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനായി ബുധനാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ബോറിസ് പരാജയപ്പെട്ടു.
ഇതില്‍ വീണ്ടും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷം ഒരുമിച്ച് നിന്ന് ബോറിസെനിതിരെ ആഞ്ഞടിച്ചതാണ് ഉപാധി രഹിത ബ്രെക്‌സിറ്റിന് തിരിച്ചടിയായത്. എം.പിമാര്‍ അവതരിപ്പിച്ച ബില്‍ പാസായതിനാല്‍ ബ്രക്‌സിറ്റ് തീയതി നീട്ടാന്‍ യൂറോപ്യന്‍ യൂനിയനോട് അപേക്ഷിക്കുക മാത്രമാണ് ബോറിസ് ജോണ്‍സനു മുന്നിലുള്ള ഏകവഴി.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പ്രമേയത്തിനെതിരായി വോട്ട് ചെയ്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭ അംഗം ആംബെര്‍ റൂഡ് രാജിവെച്ചു. തൊഴില്‍, പെന്‍ഷന്‍ എന്നിവയുടെ ചുമതലയുള്ള വനിതാ മന്ത്രിയായിരുന്നു ആംബെര്‍ റൂഡ്.
ഉപാധിരഹിത ബ്രക്‌സിറ്റ് നടപ്പിലാക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തോട് വിയോജിക്കുന്നതായി ആംബെര്‍ റൂഡ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഉപാധിരഹിത ബ്രെക്‌സിറ്റ് ബ്രക്‌സിറ്റ് നടപടി ക്രമങ്ങളുടെ ഏറ്റവും മോശം ഫലമായിരിക്കുമെന്ന അഭിപ്രായമുള്ളയാളായിരുന്നു ആംബെര്‍ റൂഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല