സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്‌സിറ്റ് ചര്‍ച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോണ്‍സന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷിചേരുമെന്നു മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ അഞ്ചിന് ഹൈക്കോടതി കേസ് കേള്‍ക്കും.
പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ അനുഭവ സമ്പത്ത് കേസില്‍ ഗുണം ചെയ്യുമെന്ന് സര്‍ ജോണ്‍ കരുതുന്നു.പാര്‍ലമെന്റ് ഒക്‌ടോബര്‍ 14വരെ പ്രൊറോഗ് ചെയ്യാനുള്ള ജോണ്‍സന്റെ നടപടി നിയമവിധേയമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്‌പോള്‍ തന്റെ അനുഭവപരിചയം സഹായകമാവുമെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന് നേരെയുള്ള അഭൂതപൂര്‍വമായ അതിക്രമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡെപ്യൂട്ടി ലേബര്‍ നേതാവ് ടോം വാട്‌സണും പറഞ്ഞു. ഏകാധിപത്യരീതിയില്‍ അധികാരം പിടിച്ചെടുക്കാനുള്ള ജോണ്‍സന്റെ നീക്കത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ദോ സിന്‍സണ്‍ വ്യക്തമാക്കി.
അതേസമയം പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യുന്നതില്‍നിന്നു പ്രധാനമന്ത്രിയെ വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാന്‍ സ്‌കോട്ടിഷ് കോടതി ജഡ്ജി റെയ്മണ്ട് ഡോഹര്‍ട്ടി വിസമ്മതിച്ചത് ജോണ്‍സന്റെ എതിരാളികള്‍ക്കു തിരിച്ചടിയായി. ബ്രെക്‌സിറ്റ് താമസിപ്പിക്കുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നു പ്രധാനമന്ത്രി ജോണ്‍സന്‍ മുന്നറിയിപ്പു നല്‍കി. എന്തുവന്നാലും ഒക്‌ടോബര്‍ 31ന് ബ്രെക്‌സിറ്റ് നടപ്പാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്‌സിറ്റ് സംബന്ധിച്ച് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ചയ്ക്ക് അടുത്തയാഴ്ച നോട്ടീസ് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ ലേബര്‍പാര്‍ട്ടി അറിയിച്ചു. ബ്രെക്‌സിറ്റ് ചര്‍ച്ചയ്ക്കുള്ള സമയം വെട്ടിക്കുറച്ച് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ജോണ്‍സന്റെ തീരുമാനം വന്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. അവധിക്കുശേഷം പാര്‍ലമെന്റ് ചൊവ്വാഴ്ച സമ്മേളിക്കുന്‌പോള്‍ തന്നെ ബ്രെക്‌സിറ്റ് ചര്‍ച്ചയ്ക്കു തുടക്കം കുറിക്കുമെന്നു ലേബര്‍ നേതാവ് ജറമി കോര്‍ബിന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല