സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പത്ത് ദിനം ബാക്കിനില്‍ക്കെ, നീട്ടാനുള്ള തിരക്കിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കരാര്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മേ, യൂറോപ്യന്‍ യൂണിയനെ സമീപിക്കും. കാര്യമായ ഭേദഗതികളില്ലാതെ കരാര്‍ ഇനി പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന സ്പീക്കറുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മേയുടെ പുതിയ നീക്കം. നിലവിലെ വ്യവസ്ഥയനുസരിച്ച് മാര്‍ച്ച് 29 ആണ് ബ്രെക്‌സിറ്റ് നടപ്പാകുന്ന തീയതി.
എന്നാല്‍ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ തെരേസ മേക്ക് ഇതുവരെ ആയിട്ടില്ല, ഈ പശ്ചാത്തലത്തിലാണ് കരാര്‍ നടപ്പാക്കുന്ന തിയതി നീട്ടണമെന്ന ആവശ്യവുമായി മേ, ഇയുവിനെ സമീപിക്കാനൊരുങ്ങുന്നത്. കരാര്‍ നടപ്പാക്കാനുള്ള സമയം ജൂണ്‍ 30 ലേക്കോ അല്ലെങ്കില്‍ ദീര്‍ഘ കാലത്തേക്കോ നീട്ടിത്തരണമെന്നാണ് മേ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുക. കരാര്‍ നടപ്പാക്കാന്‍ രണ്ട് വര്‍ഷം വരെ സമയം ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്.
മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാകണമെങ്കില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കരാര്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കണം , കാര്യമായ ഭേദഗതികള്‍ കൂടാതെ കാരാര്‍ ഇനി പാര്‍ലമെന്റില്‍ വോട്ടിനിടാനാവില്ലെന്ന സ്പീക്കറുടെ റൂളിങ്ങുള്ളതിനാല്‍ ഇതിന് മേ, മുതിരില്ല. കരാര്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള മേയുടെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. അതിനിടെ സ്പീക്കറുടെ റൂളിങ് മറികടക്കാനുള്ള തന്ത്രങ്ങളും ഭരണ കക്ഷി പ്രതിനിധികള്‍ ആലോചിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ കരാര്‍ നടപ്പാക്കാനുള്ള സമയം നീട്ടാന്‍ അനുമതി ലഭിക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല