സ്വന്തം ലേഖകന്‍: ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനുവരി 21നു മുന്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് അറിയിച്ചു. സര്‍ക്കാരിനു പരാജയം ഉറപ്പാണെന്നു വ്യക്തമായതോ ടെ തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് മേ റദ്ദാക്കിയിരുന്നു.
ഇതിനിടെ കരാര്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മേ യൂറോപ്യന്‍ പര്യടനത്തിനു തിരിച്ചു. കഴിഞ്ഞ ദിവസം മേയ് ബര്‍ലിനിലെത്തി ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹേഗില്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ടുമായും മേയ് ചര്‍ച്ച നടത്തി.
ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗദ് ജുന്‍കര്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് എന്നിവരുമായും മേ കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ പര്യടനം നടത്തുന്നതിനാല്‍ ഇന്നലത്തെ കാബിനറ്റ് മീറ്റിംഗ് മേ റദ്ദാക്കി. ഇന്നു നടത്തുന്ന കാബിനറ്റ് മീറ്റിംഗില്‍ ഭാവി നടപടികളെക്കുറിച്ചു വിശദീകരണമുണ്ടായേക്കുമെന്നാണ് സൂചന. രണ്ടു ദിവസത്തെ ഇയു ഉച്ചകോടിക്കായി വ്യാഴാഴ്ച തെരേസാ മേ വീണ്ടും ബ്രസല്‍സിലേക്ക് പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല