സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധന വീണ്ടും വേണമെന്ന ആവശ്യം ശക്തമാകുന്നു, നിവേദനത്തില്‍ ഒപ്പിട്ടത് 30 ലക്ഷം പേര്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വിട്ടുപോകുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച് നടത്തിയ ജനഹിതപരിശോധന റദ്ദാക്കണമെന്ന ആവശ്യവുമായി യുകെ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ആരംഭിച്ച നിവേദനമാണ് 30 ലക്ഷം കടന്നത്.
ബ്രെക്‌സിറ്റിനെതിരേ ഓണ്‍ലൈനായി ആരംഭിച്ച കാമ്പയിനിംഗ് 48 മണിക്കൂറിനുള്ളില്‍ 30,48,000 ആയി. ചൊവ്വാഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിവേദനം പരിഗണിക്കുമെന്ന് കണ്‍സര്‍വേറ്റീവ് എംപി ബെന്‍ ഹൗലെറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുകടക്കണമെന്ന് അഭിപ്രായപ്പെട്ട് 51.9 ശതമാനം ആളുകളാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പില്‍ 72 ശതമാനം ആളുകളേ വോട്ടെടുപ്പില്‍ പങ്കെടുത്തുള്ളൂ. 75 ശതമാനത്തില്‍ കുറവ് ആളുകള്‍ പങ്കെടുക്കുന്ന ഹിതപരിശോധനയില്‍ 60 ശതമാനത്തില്‍ താഴെ വോട്ടേ ലഭിച്ചുള്ളൂവെങ്കില്‍ വീണ്ടും ജനഹിതം നടത്തണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ജനാധിപത്യ പ്രചാരകന്‍ വില്യം ഒലിവര്‍ ഹീലിയാണ് ഓണ്‍ലൈന്‍ നിവേദനം ആരംഭിച്ചത്.
ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ചേര്‍ന്നു നല്‍കുന്ന നിവേദനം പാര്‍ലമെന്റിലെ കോമണ്‍സ് സഭ ചര്‍ച്ചചെയ്യണം എന്നുമുണ്ട്. മണിക്കൂറില്‍ ഒരു ലക്ഷത്തോളം ആളുകള്‍ നിവേദനത്തില്‍ പങ്കുചേരുന്നതായാണ് ഏകദേശ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല