സ്വന്തം ലേഖകന്‍: നഷ്ടപരിഹാരത്തുക 50 ബില്യണ്‍ യൂറോയില്‍ ഉറപ്പിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍. ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും യോജിപ്പില്‍ എത്താനുണ്ടെന്നും അതിനാല്‍ അന്തിമ ഉടമ്പടി തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി എല്ലാ കാര്യങ്ങളിലും ധാരണയിലെത്താനാകുമെന്നും മേയ് പ്രതീക്ഷ പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശപ്രകാരം ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂണിയന്റെയും ഏകീകൃത വിപണിയുടെയും ഭാഗമായി നിലനിര്‍ത്താനുള്ള ബ്രിട്ടന്റെ നീക്കമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ ഒരു കാരണം.
ഇത് തെരേസ മേയ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) ശക്തമായി എതിര്‍ത്തതോടെയാണ് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാനാകാതെ ബ്രിട്ടന്‍ പിന്മാറിയതെന്നാണ് സൂചന. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കങ്ങളെ ഒരുവിധത്തിലും അംഗീകരിക്കില്ലെന്ന നിലപാടാണ് ഡിയുപിക്കുള്ളത്. ബ്രിട്ടന്റെ പ്രഖ്യാപിത നിലപാടില്‍നിന്നുള്ള പിന്മാറ്റമാണ് ഇതെന്ന ആരോപണവുമായി അയര്‍ലന്‍ഡ് സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല