സ്വന്തം ലേഖകന്‍: ബ്രിട്ടനും ഇയുവും തമ്മില്‍ ഔദ്യോഗിക ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമായി, ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന 30 ലക്ഷം ഇയു പൗരന്മാരുടെ ഭാവി തുലാസില്‍. ബ്രസല്‍സില്‍ ബ്രിട്ടിഷ് ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും യൂറോപ്യന്‍ യൂനിയനിലെ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയറും ആണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ബ്രെക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ അകറ്റുകയാണ് ആദ്യ കടമ്പയെന്ന് ബേണിയര്‍ പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌യുടെ ബ്രെക്‌സിറ്റ് നയം എങ്ങനെയുള്ളതാകും എന്ന ആശങ്ക സമ്മേളന വേദിയിലും പ്രതിഫലിക്കുന്നുണ്ട്. ബ്രിട്ടന്‍ ഇ.യു വിട്ടാലും ബ്രിട്ടനില്‍ തുടരുന്ന ഇ.യു പൗരന്മാരുടെ നിലനില്‍പിനെ കുറിച്ചാണ് കൂടുതല്‍ ആശങ്ക. ഇതേക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 30 ലക്ഷം യൂറോപ്യന്‍ പൗരന്മാര്‍ ബ്രിട്ടനിലുണ്ട്. 10 ലക്ഷം ബ്രിട്ടീഷുകാര്‍ ഇ.യു രാജ്യങ്ങളിലും കഴിയുന്നുണ്ട്. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇ.യു നേരത്തേ ഉറപ്പു നല്‍കിയിയിരുന്നു.
അതിനിടെ, തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് ബ്രെക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കുമെന്നത് ഇയു നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായം തേടി മാത്രമേ തെരേസക്ക് ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. അതിനിടെ, കേവല ഭൂരിപക്ഷം തികക്കാന്‍ ഡി.യു.പി തെരേസയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകത്തതിനാല്‍ ചര്‍ച്ച എങ്ങുമെത്താതെ പരാജയപ്പെടാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല