സ്വന്തം ലേഖകന്‍: വിയോജിപ്പുകള്‍ക്ക് ഇടയിലും ബ്രെക്സിറ്റ് കരട് രാഷ്ട്രീയ പ്രഖ്യാപനത്തിന് അംഗീകാരം നല്കി യുകെയും യൂറോപ്യന്‍ യൂണിയനും. ബ്രെക്സിറ്റ് അനന്തര കാലത്തില്‍ വാണിജ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് തത്ത്വത്തിലുള്ള ധാരണയാണിത്. ക്രിമിനല്‍ നീതിന്യായം, വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ തുര്‍ന്നുള്ള സഹകരണം സംബന്ധിച്ചും കരടില്‍ വിശദീകരിക്കുന്നുണ്ട്.
585 പേജുള്ള വിടുതല്‍ കരാര്‍ കഴിഞ്ഞയാഴ്ച ഇരുകൂട്ടരും അംഗീകരിച്ചിരുന്നു. രാഷ്ട്രീയ പ്രഖ്യാപനം ഇതില്‍നിന്നു വ്യത്യസ്തമാണ്. വിടുതല്‍ കരാര്‍ പാലിക്കാന്‍ ഇരു കൂട്ടര്‍ക്കും നിയമബാധ്യതയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രഖ്യാപനത്തിന് ഇതില്ല.
ഞായറാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന് യോഗം വിടുതല്‍ കരാറും കരട് രാഷ്ട്രീയ പ്രഖ്യാപനവും അംഗീകരിച്ചേക്കും. തുടര്‍ന്ന് ഇതു രണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കണം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഏറ്റവും വലിയ കടന്പയായിരിക്കും അത്.
രാഷ്ട്രീയപ്രഖ്യാപനം അംഗീകരിച്ചതിനു പിന്നാലെ മേ വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിമാരോടു കാര്യങ്ങള്‍ വിശദീകരിച്ചു. മുഴുവന്‍ ബ്രിട്ടന്റെയും അവകാശമാണു രാഷ്ട്രീയ പ്രഖ്യാപന കരാറില്‍ പ്രതിഫലിപ്പിക്കുന്നതെന്നും മേ പ്രസ്താവന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല