സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍, യുകിപ് നേതാവ് നൈജല്‍ ഫരാഷും ബെല്‍ജിയന്‍ മുന്‍ പ്രധാനമന്ത്രിമായ ഗെ വെര്‍ഹോഫ്‌സ്താദും തമ്മില്‍ വാഗ്വാദം. ബ്രക്‌സിറ്റിനു വേണ്ടി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈഗല്‍ ഫരാഷിനെതിരേ ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തു കടക്കണമെന്ന് 17 വര്‍ഷം മുമ്പ് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ കളിയാക്കി ചിരിച്ചു. ഇപ്പോള്‍ എന്തുപറയുന്നു? ഫരാഷിന്റെ ചോദ്യം പാര്‍ലമെന്റ് അംഗങ്ങളെ അരിശം കൊള്ളിച്ചു. ഇയു വല്യേട്ടന്റെ റോള്‍ കളിക്കുകയാണെന്ന് ആരോപിച്ച ഫരാഷ് കൂടുതല്‍ രാജ്യങ്ങള്‍ ബ്രിട്ടന്റെ മാതൃക അനുകരിച്ച് ഇയുവില്‍നിന്നു പുറത്തുപോകുമെന്നു പ്രവചിച്ചപ്പോള്‍ അംഗങ്ങള്‍ ഫരാഷിനെ കൂവിയിരുത്തി.
എന്തിനാണു താങ്കള്‍ ഇങ്ങോട്ടുവന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഷാന്‍ ക്ലോഡ് ജുന്‍കര്‍ ചോദിച്ചു. ബ്രെക്‌സിറ്റ് വോട്ടെടുപ്പിന്റെ ഫലം ജുന്‍കര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചപ്പോള്‍ ഫരാഷ് കൈയടിച്ചതും ജുന്‍കറെ പ്രകോപിപ്പിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ താങ്കളുടെ ഒടുവിലത്തെ കൈയടിയാണിതെന്നായിരുന്നു ജുന്‍കറിന്റെ തിരിച്ചടി. ലേശമെങ്കിലും മാന്യതയുണ്ടെങ്കില്‍ ബ്രിട്ടീഷ് ജനതയോടു മാപ്പു പറയണമെന്നായിരുന്നു ഫരാഷിന് ജര്‍മന്‍ പ്രതിനിധി മാന്‍ഫ്രെഡ് വെബര്‍ നല്‍കിയ ഉപദേശം.
എന്നാല്‍ ബര്‍ലിന്‍ മതിലിന്റെ പതനത്തിനുശേഷം അരങ്ങേറിയ ഏറ്റവും വലിയ സംഭവമാണു ബ്രെക്‌സിറ്റെന്ന് ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മരീ ലെപെന്‍ പറഞ്ഞു.പാര്‍ലമെന്റ് പ്രതിനിധികളില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. വിടുതല്‍ ചര്‍ച്ചകള്‍ വച്ചുതാമസിപ്പിക്കരുതെന്നും മിക്കവരും നിര്‍ദേശിച്ചു.
ഇതിനിടെ ബ്രക്‌സിറ്റ് വോട്ടിനുശേഷം ആദ്യമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനു പ്രധാനമന്ത്രി കാമറോണും ബ്രസല്‍സിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല