സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരേണ്ടതില്ലെന്ന് എംപിമാര്‍; ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ശക്തമാകവെ ഇയുവില്‍ നിന്ന് പിരിഞ്ഞശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) യില്‍ തുടരേണ്ടതിലെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ തീരുമാനമായി.
126 നെതിരെ 327 വോട്ടുകള്‍ക്കാണ് എംപിമാര്‍ ഇതു സംബന്ധിച്ച പ്രമേയം പരാജയപ്പെടുത്തിയത്. നേരത്തെ ഹൗസ് ഓഫ് ലോര്‍ഡ്‌സും പ്രമേയം തള്ളിയിരുന്നു. ഇയു ഏകവിപണിയിലേക്കുള്ള വാതില്‍ തുറക്കുമെന്നതിനാല്‍ ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ നിലനില്‍ക്കണം എന്നായിരുന്നു ഒരു വിഭാഗം എംപിമാരുടെ വാദം.
എന്നാല്‍ ഇത് 2016 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ സത്തയ്ക്ക് ചേര്‍ന്നതല്ലെന്ന് വാദിച്ച മറുപക്ഷം ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടര്‍ന്നാല്‍ അത് ഇയു അംഗമല്ലാതിരുന്നിട്ടും അവരുടെ നിയമങ്ങള്‍ അനുസരിക്കേണ്ടി വരുന്നതിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടി.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പുലര്‍ത്തുന്ന നിലപാടുകളുടെ പേരില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ആശ്വാസമായി വോട്ടെടുപ്പ് ഫലം. അതേസമയം വോട്ടിംഗില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി എം പിമാര്‍ക്ക് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ നല്‍കിയ വിപ്പ് ലംഘിച്ച് ചിലര്‍ വോട്ടു ചെയ്തത് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി.
ഏകദേശം 89 എം പിമാരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ 15 എംപിമാര്‍ ഇ ഇ എ യില്‍ തുടരുന്നതിനാണ് വോട്ട് ചെയ്തതെന്നും സൂചനയുണ്ട്. ഇതിനിടെ ബ്രെക്‌സിറ്റ് വിടുതല്‍ നടപടികളില്‍ ലേബര്‍ പാര്‍ട്ടി എടുക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ച് 6 പ്രമുഖ നേതാക്കള്‍ രാജി വച്ചതും കോര്‍ബിന് കനത്ത തിരിച്ചടിയായി. ഏകവിപണി ഉപേക്ഷിച്ച് പുറത്തിറങ്ങണമെന്ന് തന്നെയാണ് ലേബര്‍ നിലപാടെന്ന് വോട്ടിംഗിന് ശേഷം കോര്‍ബിന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല