സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീയതി നീട്ടിനൽകാൻ യൂറോപ്യൻ യൂണിയൻ യോഗത്തിൽ തത്ത്വത്തിൽ ധാരണ. പുതിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. ഡിസംബർ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിർദേശത്തിൽ തിങ്കളാഴ്ച പാർലമെന്റിൽ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്സിറ്റ് തീയതി പ്രഖ്യാപിച്ചാൽ മതിയെന്ന ഫ്രാൻസിന്റെ നിലപാടിനെത്തുടർന്നാണ് യൂണിയൻ തീരുമാനം വൈകിപ്പിച്ചത്. ജനുവരി 31-വരെ ബ്രെക്സിറ്റ് വൈകിപ്പിക്കാനാണ് സാധ്യത.
നിലവിലെ കരാർപ്രകാരം ഒക്ടോബർ 31-നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്. എന്നാൽ, 31-ന് പിരിയുന്നത് ഈ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബ്രിട്ടീഷ് ചാൻസലർ സാജിദ് ജാവേദ് യൂണിയനെ അറിയിച്ചു. യൂണിയന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ബോറിസ് ജോൺസണും പ്രതികരിച്ചു.
ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണച്ചാൽ ബ്രെക്സിറ്റ് കരാറിൽ സംവാദത്തിന് കൂടുതൽ സമയം അനുവദിക്കാമെന്ന് വ്യാഴാഴ്ച ലേബർപാർട്ടി നേതാവ് ജെറമി കോർബിന് നൽകിയ കത്തിൽ ജോൺസൺ വ്യക്തമാക്കിയിരുന്നു. എന്നാൽ, ജനുവരി 31-വരെ ബ്രെക്സിറ്റ് നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുവദിക്കുകയും കരാറില്ലാതെ വേർപിരിയാനുള്ള സാധ്യത പൂർണമായും ചർച്ചയിൽനിന്ന് ഒഴിവാക്കുകയും ചെയ്താലേ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കൂവെന്ന് കോർബിൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല