സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവക്കുന്ന ബ്രെക്സിറ്റ് ഉടമ്പടി ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് തെരേസാ മേയ് സര്‍ക്കാര്‍. ഇതോടെ ഇയുമായി രണ്ടു വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം കൊടുക്കുന്ന ബ്രെക്സിറ്റ് ഉടമ്പടി കൊള്ളാനോ തള്ളാനോ ഉള്ള അവസരം ബ്രിട്ടീഷ് പാര്‍ലമെന്റിന് ലഭിക്കും. ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് രൂപം കൊടുക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് തിങ്കളാഴ്ചയാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ഉടമ്പടി വ്യവസ്ഥകള്‍ പാര്‍ലമെന്റ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഹിതപരിശോധനാഫലം മാനിച്ച് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്ന് ഇതോടെ തെരേസാ മേയ് ചുവടുമാറ്റുകയും ചെയ്തു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, വീണ്ടുമൊരു ബ്രെക്സിറ്റ് ഹിതപരിശോധന തന്നെ നടത്തണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബ്രെക്സിറ്റ് അനുകൂലികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ആറു വട്ടം പൂര്‍ത്തിയായിട്ടും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനത്തിലെത്താന്‍ ഇരു കൂട്ടര്‍ക്കും കഴിയാത്തത് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. തെരേസാ മേയ്ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ വിമതനീക്കം ശക്തമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല