സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിവാദക്കാറ്റില്‍ ആടിയുലഞ്ഞ് തെരേസാ മേയ് മന്ത്രിസഭ; വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണും രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു ബ്രിട്ടനിലെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് കഴിഞ്ഞ ദിവസം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സനും രാജിവച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റത്തില്‍ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണു പ്രധാനമന്ത്രിയുടേതെന്ന് ആരോപിച്ചാണു ഇരുവരുടേയും രാജി.
ഡേവിസ് രാജിവച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പേ ജോണ്‍സനും രാജി പ്രഖ്യാപിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നതിന് അരമണിക്കൂര്‍ മുന്‍പായിരുന്നു ജോണ്‍സന്റെ രാജിയെന്നതും ശ്രദ്ധേയമായി. രണ്ടു ദിവസം മുമ്പാണ് ബ്രെക്‌സിറ്റ് കരാറിനു മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. ഏക വിപണിയും കസ്റ്റംസ് യൂണിയനില്‍ നിന്നുള്ള പിന്മാറ്റവുവും സംബന്ധിച്ച് കരാറില്‍ പറയുന്ന വ്യവസ്ഥകളാണ് ഡേവിസും ജോണ്‍സണും മറ്റു വിമതര്‍ക്കും കല്ലുകടിയായത്.
യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവക്കുന്ന കര്‍ശനമായ കയറ്റിറക്കുമതി വ്യവസ്ഥകള്‍ക്ക് വഴങ്ങാന്‍ പ്രധാനമന്ത്രി മേ തയാറാകുന്നതാണു ഡേവിസിനെ പ്രകോപിപ്പിച്ചത്. ഇതു ബ്രിട്ടന്റെ നിലപാട് ബലഹീനമാക്കുമെന്നും രക്ഷപ്പെടാനാവാത്ത സ്ഥിതിയിലെത്തിക്കുമെന്നും ഡേവിസ് രാജിക്കത്തില്‍ പറയുന്നു. മന്ത്രിസഭയിലെ ഭിന്നത മറനീക്കി പുറത്തുവന്നതോടെ തെരേസാ മേയുടെ സോഫ്റ്റ് ബ്രെക്‌സിറ്റ്, ബിസിസസ് ഫ്രണ്ട്‌ലി ബ്രെക്‌സിറ്റ് നയങ്ങള്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടുമെന്ന് ഉറപ്പായി. കൂടാതെ ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ബ്രെക്‌സിറ്റിനു മുമ്പ് തെരേസാ മേയ് സര്‍ക്കാര്‍ നിലംപതിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല