സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ചരിത്രപരമായ വിഡ്ഢിത്തം, രൂക്ഷ വിമര്‍ശനവുമായി ഭരണകക്ഷിയില്‍പ്പെട്ട മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. മറ്റൊരു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബ്രെക്സിറ്റിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിനു പുറകെയാണ് ജോണ്‍ മേജറുടെ കടുത്ത വാക്കുകള്‍ പുറത്തുവരുന്നത്. ലേബര്‍ പാര്‍ട്ടി നേതാവായ ടോണി ബ്ലെയറിന്റെ വിമര്‍ശനത്തേക്കാള്‍ തെരേസാ മേയ് സര്‍ക്കാരിന് തിരിച്ചടിയാകുക സ്വന്തം കക്ഷിയില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ ജോണ്‍ മേജറിന്റെ വിമര്‍ശനമാണെന്ന് നിരീക്ഷികര്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരുമ്പോള്‍ ക്ഷേമരാഷ്ട്രം എന്ന ഇപ്പോഴത്തെ സ്ഥിതിക്കു മാറ്റമുണ്ടാകുമെന്നും എന്‍എച്ച്എസിലൂടെ പൗരന്മാര്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല സേവനങ്ങള്‍പോലും ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് ജോണ്‍ മേജര്‍ മുന്നറിയിപ്പു നല്‍കുന്നത്. ബ്രെക്സിറ്റിന്റെ പേരില്‍ അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും ജനങ്ങളില്‍ അമിത പ്രതീക്ഷ ഉളവാക്കുന്നതില്നിന്നും പ്രധാനമന്ത്രി തെരേസ മേയ് മാറിനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹിതപരിശോധനാവേളയില് യൂണിയനില്‍ തുടരാന്‍ വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് ടോണി ബ്ലെയറും ജോണ്‍ മേജറും സംയുക്ത പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഒരാഴ്ചത്തെ ഇടവേളയില്‍ രണ്ടു മുന്‍ പ്രധാനമന്ത്രിമാരും ബ്രെക്സിറ്റിനെതിരേ ആഞ്ഞടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ബ്രെക്സിറ്റിനെതിരെ ബ്രിട്ടിഷ് ജനത ഉണരേണ്ട സമയമായെന്നും മാറി ചിന്തിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു കഴിഞ്ഞയാഴ്ച ടോണി ബ്ലെയറിന്റെ പ്രഖ്യാപനം.
ടോണി ബ്ലെയര്‍ ഇത്തരം അപ്രസക്തങ്ങളായ പ്രസ്താവനകളുമായി വരുമ്പോള്‍ ടെലിവിഷന്‍ ഓഫാക്കാനായിരുന്നു വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സന്റെ പ്രതികരണം. എന്നാല്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ ജോണ്‍ മേജറിന്റെ വാക്കുകളെ ഇപ്രകാരം പരിഹസിച്ച് തള്ളിക്കളയാന്‍ സര്‍ക്കാരിന് കഴിയില്ല. ഈമാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ബ്രെക്സിറ്റ് നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ എല്ലാ പാര്‍ട്ടികളിലെയും ബ്രെക്സിറ്റ് വിരുദ്ധരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തി പ്രതിഷേധം ശക്തമാക്കാനാണ് ടോണി ബ്ലെയറും ജോണ്‍ മേജറും തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല