സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറവുള്ള കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തെ വിസ; ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ഹൈ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും സൂചന. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള യോഗ്യത കുറഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തെ വിസയില്‍ ജോലിക്കായി ബ്രിട്ടനിലെത്താം.
ബ്രെക്‌സിറ്റിന് ശേഷമുള്ള ഇമിഗ്രേഷന്‍ നിയമങ്ങളുടെ ധവളപത്രത്തിലാണ് ഇതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുള്ളത്. യുകെ ബിസിനസ്സുകള്‍ക്കായി തുറന്നു കിടക്കുകയാണെന്ന സന്ദേശം നല്‍കുകയാണ് ഹോം സെക്രട്ടറി സാജിദ് ജാവിദ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. 40 വര്‍ഷത്തിനിടെയുള്ള ഇമിഗ്രേഷന്‍ നയത്തിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് ഇതെന്നും ജാവിദ് പറയുന്നു.
ഏതു രാജ്യത്തുനിന്നുമുള്ള നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കില്‍ഡ് ജീവനക്കാര്‍ക്ക്, തടസ്സങ്ങളുണ്ടാകില്ലെന്നാണ് സൂചന. ടയര്‍ 2 വിസ വഴി യുകെയിലെത്തുന്ന ഹൈ സ്‌കില്‍ഡ് വിഭാഗത്തില്‍ പെടുന്ന കുടിയേറ്റക്കാര്‍ക്ക് നിലവില്‍ 20,700 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പകരം സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് എത്ര വേണമെങ്കിലും യുകെയില്‍ എത്താമെന്ന സൂചനയാണ് ധവളപത്രം നല്‍കുന്നത്.
അതേസമയം ഈ വിഭാഗക്കാര്‍ക്ക് 30,000 പൗണ്ട് ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നത് എതിര്‍പ്പിന് കാരണമായിട്ടുണ്ട്. നേരത്തെ ഇയു ഇതര ജോലിക്കാരെ മാത്രം ബാധിച്ചിരുന്ന പരിധിയാണ് ഇനി ഇയു പൗരന്‍മാര്‍ക്കും ബാധകമാകുക. ടിയര്‍ 2 വിസയില്‍ ഇയു പൗരന്‍മാര്‍ക്ക് 30,000 പൗണ്ട് ശമ്പളപരിധി നിശ്ചയിക്കുന്നതില്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല